ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ആസ്വദിക്കാനെത്തുന്ന ഹയ്യാ കാര്‍ഡുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും അവസരം നല്‍കുമെന്ന് സൗദി അറേബ്യ. ലോകകപ്പ് ആരാധകര്‍ക്ക് ഖത്തര്‍ നല്കുന്ന ഫാന്‍ പാസായ ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ഇതിനുള്ള വിസ അനുവദിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ വിസാ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ശമ്മാരി വ്യക്തമാക്കി.. നവംബര്‍ 11 മുതല്‍ ഡിസംബര്‍ 18 വരെയായിരിക്കും ഈ വിസകളുടെ കാലാവധി.വിസ സൗജന്യമാണെങ്കിലും .വിസ പ്ലാറ്റ്ഫോമില്‍ നിന്ന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കണം ലോകകപ്പ് മത്സരം തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ ആരാധകര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാനാവും. ടൂര്‍ണമെന്റിന്റെ അവസാന ദിനം വരെയാണ് സൗദി അറേബ്യയില്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് നിൽക്കാൻ കഴിയുക . എത്ര തവണ വേണമെങ്കിലും രാജ്യത്തു നിന്ന് പുറത്തുപോയി തിരികെ വരാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയായിരിക്കും ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് സൗദി അറേബ്യ നൽകുന്നത് . ഇങ്ങനെ എത്തുന്നവര്‍ സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഖത്തറില്‍ പ്രവേശിച്ചിരിക്കണമെന്ന് നിർബന്ധമില്ല .