മനാമ: കോവിഡ് മൂലം വിവിധ തരത്തിലുള്ള പ്രയാസം അനുഭവിക്കുന്ന നിരവധിപേർക്ക് കാരുണ്യ ഹസ്തമായി പ്രവർത്തിക്കുന്ന ഫ്രന്റസ് സോഷ്യൽ അസോസിയേഷന് കാപിറ്റൽ ഗവർണറേറ്റ് അംഗീകാരം. കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്ത രാജ്യക്കാരായ പ്രവാസി കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനുമായി 111 ഭക്ഷ്യ സാധന കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി. ലേബർ ക്യാമ്പുകൾ, ബാച്ചിലർ റൂമുകൾ എന്നിവിടങ്ങളിൽ കാപിറ്റൽ ഗവർണറേറ്റ്, കാപിറ്റൽ ചാരിറ്റി അസോസിയേഷൻ, അഹ്മദ് കൂഹ്ജി കമ്പനി എന്നിവക്ക് പുറമെ വിവിധ സന്നദ്ധ സേവന പ്രവർത്തകരുടെ സഹായത്തോടെ ആയിരത്തോളം ഇഫ്താർ വിഭവങ്ങൾ ദിനേന നൽകി വരുന്നു. മരുന്ന് ലഭ്യമാക്കുന്നതുൾപ്പടെയുള്ള മറ്റ് സഹായങ്ങളും ചെയ്യുന്നതിന് ജന. സെക്രട്ടറി എം.എം. സുബൈറിന്റെ നേതൃത്വത്തിൽ ഇതിനായി വളണ്ടിയർമാർ ബഹ്റൈന്റെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നു. കാരുണ്യ പ്രവാഹം വഴിഞ്ഞൊഴുകുന്ന റമദാൻ ദിനങ്ങളിൽ ഇഫ്താർ കിറ്റുകളുടെ വിതരണം അനേകർക്ക് ആശ്വാസം ലഭിക്കുന്നതായും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന കാപിറ്റൽ ഗവർണ്റേറ്റ്, കാ പിറ്റൽ ചാരിറ്റി അസോസിയേഷൻ എന്നിവർക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായും പ്രസിഡൻറ് ജമാൽ ഇരിങ്ങൽ അറിയിച്ചു. കൂടാതെ കാപിറ്റൽ ഗവർണറേറ്റിൻറെ അംഗീകാരത്തിന് ഗവർണർ ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫക്ക് അസോസിയേഷൻ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.