മനാമ: കോവിഡ് 19 മൂലം പ്രയാസപ്പെട്ട് നാട്ടിൽ പോകുന്ന പ്രവാസികളോട്
ക്വാറൈൻറൻ ചെലവ് സ്വന്തം വഹിക്കണമെന്ന മുഖ്യ മന്ത്രിയുടെ പ്രസ്താവന വഞ്ചനാപരമായ സമീപനമാണെന്ന് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ അഭിപ്രായപ്പെട്ടു. പ്രവാസികളെ സ്വീകരിക്കാൻ കേരളം എല്ലാ നിലക്കും സജ്ജമാണെന്നും രണ്ടര ലക്ഷത്തോളം ബെഡ് ഇതിനകം സംവിധാനിച്ചിട്ടുണ്ടെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോലി നഷ്ടപ്പെട്ടും രോഗം മൂലവും പ്രയാസപ്പെട്ട് മറ്റുള്ളവരുടെ സഹായത്താൽ നാട്ടിൽ എത്തുന്നവരോട് ക്വാറൈൻറൻ ചെലവ് കൂടി വഹിക്കണമെന്ന് പറയുന്നത് തികച്ചും അന്യായവും അക്രമവുമാണ്. അർഹതപ്പെട്ടവർക്ക് ക്വാറൈൻറൻ സംവിധാനം സൗജന്യമായി നൽകാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ പെട്ട പ്രവാസികളെ സഹായിക്കുന്നതിന് പകരം അവരോട് അന്യരെന്ന രൂപത്തിൽ പെരുമാറുന്ന സമീപനം ജനവഞ്ചനയാണ്. ഏതാവശ്യത്തിനും പ്രവാസികളുടെ സഹായം സ്വീകരിക്കുന്ന വിവിധ രാട്ട്രീയ, സാമൂഹിക മേഖലയിലുള്ളവർ ഇതിനെതിരെ രംഗത്തു വരണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതിനകം തന്നെ കേരളത്തിലെ വിവിധ മത, സാമൂഹിക, സാംസ്കാരിക സംഘടനകളും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡോക്ടർമാരെയും നഴ്സുമാരെയും പ്രവാസികളെ ക്വാറൈൻറൻ ചെയ്യുന്നതിന് സൗജന്യമായി വിട്ടു തരാമെന്ന് രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. ഇവയോടൊക്കെ മുഖം തിരിച്ച് സംസ്ഥാന സർക്കാർ പ്രവാസികളോട് കാണിക്കുന്ന ഈ വിവേചനത്തിൽ പിന്മാറണമെന്ന് പ്രസിഡനറ് ജമാൽ ഇരിങ്ങൽ, ജന. സെക്രട്ടറി എം.എം സുബൈർ എന്നിവർ ഒപ്പുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി.