മനാമ: സുന്നീ വഖ്ഫ് കൗൺസിൽ ചെയർമാന്റെ സെക്രട്ടറിയും അൽ ഹിദായ ഇസ്ലാമിക് സെന്റർ ചെയർമാനുമായ സ്വലാഹ് ബൂ ഹസനുമായി ഫ്രന്റ്സ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. വിശുദ്ധ റമദാൻ എന്നത് മനസുകളെ ശുദ്ധീകരിക്കാനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരെ അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മുക്തമാക്കി യഥാർഥ ജീവിത വഴിയിലേക്ക് കൊണ്ടുവരാൻ കക്ഷിത്വം ഒഴിവാക്കി ഒരുമിച്ചുള്ള പ്രവർത്തങ്ങളാണ് ആവശ്യം. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമൂഹിക മാറ്റത്തിന് വേണ്ടി സ്വലാഹ് ബൂ ഹസനും അദ്ദേഹത്തിന്റെ കീഴിലുള്ള സംവിധാനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം പറഞ്ഞു. കൂടിക്കാഴ്ചയിൽ വൈസ് പ്രസിഡന്റ് ജമാൽ നദ്വി, അസി. ജന. സെക്രട്ടറി സക്കീർ ഹുസൈൻ, പി.ആർ. സെക്രട്ടറി അനീസ് വി.കെ, കേന്ദ്ര സമിതി അംഗം ജാസിർ പി.പി, എ.എം. ഷാനവാസ് എന്നിവരും പങ്കെടുത്തു.