ഗ്യാസ് വൈദ്യുതി നിരക്ക് കുറയുന്നു, 6.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കും

GAS-BILLഡബ്ലിന്‍: ഗ്യാസ് എനര്‍ജി ബോഡ് ഇലക്ട്രിസിറ്റിയുടെയും ഗ്യാസിന്റെയും യൂണിറ്റ് നിരക്ക് കുറയ്ക്കുന്നു. കഴിഞ്ഞ 20 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ബോഡ് ബില്‍ നിരക്ക് കറയ്ക്കുന്നത്. ഇലക്ട്രിസിറ്റി യൂണിറ്റ് നിരക്ക് അഞ്ച് ശതമാനവും ഗ്യാസ് യൂണിറ്റ് നിരക്ക് 2.5 ശതമാനവുമാണ് കുറയ്ക്കുന്നതെന്നാണ് വിതരണക്കാര്‍ അറിയിച്ചിരിക്കുന്നത്.

650,000 ഉപഭോക്താക്കള്‍ക്കാണ് നിരക്ക് കുറച്ചതിന്റെ ഗുണം ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതിയും ഗ്യാസും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ നിരക്ക് കുറച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 2016 ഒക്ടോബര്‍ മുതലാകും പുതിയ നിരക്ക് നിലവില്‍ വരിക. വളരെ പെട്ടെന്ന് മാറികൊണ്ടിരിക്കുന്ന മാര്‍ക്കറ്റാണ് അയര്‍ലണ്ടിലേതെന്നാണ് ഗ്യാസ് എനര്‍ജി ബോഡിന്റെ മാനേജിങ് ഡയറക്ടറായ ദാവ് കിറ്വാന്‍ അറിയിച്ചിരിക്കുന്നത്.
ഇപ്പോള്‍ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ലാഭത്തിന്റെ ഒരു ഭാഗം നല്‍കേണ്ടതുണ്ടെന്നും കമ്പനിയുടെ സേവനം ഉപേക്ഷിച്ച് പോയവര്‍ക്ക് തിരിച്ചുവരാനുള്ള ഒരു കാരണം കൂടിയാണിതെന്നും അദ്ദേഹം അറിയിച്ചു. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനി പെയ്‌മെന്റില്‍ അഞ്ച് ശതമാനം ഡിസ്‌കൗണ്ടും പേപ്പര്‍ലെസ് ബില്ലിങും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.