റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സ്വദേശികള്‍ക്ക് മാത്രമായി ക്രമപ്പെടുത്തിയ എല്ലാ തൊഴില്‍ മേഖലകളിലും ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ജോലി ചെയ്യാൻ സാധിക്കും യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെയാണ് സ്വദേശിവത്കരിച്ച തസ്തികളില്‍ ഉള്‍പ്പെടുത്താൻ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. പ്രവാസികളെ ഒഴിവാക്കി സ്വദേശികൾക്ക് പരിമിതപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഒരു തസ്തികയില്‍ ഗൾഫ് പൗരനെ നിയമിച്ചാല്‍ അത് ആ സ്ഥാപനത്തില്‍ സ്വദേശിവത്കരണം നടപ്പാക്കിയതായി ഉള്‍പ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വർഷത്തോടെ കൺസൾട്ടിംഗ് ജോലികളിലും ബിസിനസുകളിലും 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു.