
ഇന്ത്യൻ എംബസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ പരീക്ഷയുടെ തയ്യാറെടുപ്പുകൾ, വിലയിരുത്തി.സ്കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സിറ്റി കോർഡിനേറ്ററും സെന്റർ സൂപ്രണ്ടുമായിരുന്നു.നിരീക്ഷകർ, കോർഡിനേറ്റർമാർ, സെന്റർ സൂപ്രണ്ടുമാർ, ഇൻവിജിലേറ്റർമാർ എന്നിവർക്കായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഓറിയന്റേഷൻ സെഷനുകൾ നടത്തിയിരുന്നു. 25 ഓളം അധ്യാപക-അനധ്യാപക ജീവനക്കാർ സ്കൂളിൽ പരീക്ഷയുടെ സുഗമമായ നടത്തിപ്പിൽ പങ്കാളികളായി.
നീറ്റ് പരീക്ഷ വിജയകരമായി പൂർത്തിയാക്കിയതിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യൻ സ്കൂളിനെ പരീക്ഷയുടെ കേന്ദ്രമായി പരിഗണിച്ചതിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോടും ഇന്ത്യൻ എംബസിയോടും ചെയർമാൻ നന്ദി പ്രകടിപ്പിച്ചു. മികവിന്റെ കേന്ദ്രമായ ഇന്ത്യൻ സ്കൂളിനെ നീറ്റ് പരീക്ഷയുടെ ആദ്യ കേന്ദ്രമായി തെരഞ്ഞെടുത്തതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് സ്കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു. പ്രൊഫഷണൽ മെഡിക്കൽ പ്രവേശന പരീക്ഷ സുഗമമായി നടത്താൻ മികച്ച ക്രമീകരണങ്ങൾ നടത്തിയിരുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം-അക്കാദമിക്സ് മുഹമ്മദ് ഖുർഷിദ് ആലം പറഞ്ഞു.
ഇന്ത്യയുടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷയുടെ ഭാഗമാകാൻ കഴിഞ്ഞത് മികച്ച അനുഭവമാണെന്ന് പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ബഹ്റൈനിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യയിലേക്ക് പോയി ഈ പ്രവേശന പരീക്ഷ എഴുതുന്നതു വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ, ഇന്ത്യൻ സ്കൂൾ ഒരു പരീക്ഷാ കേന്ദ്രമായി നിര്ദേശിക്കപ്പെട്ടതിനാൽ , ബഹ്റൈനിലെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലേക്ക് പോകാതെ തന്നെ പരീക്ഷ എഴുതാൻ കഴിയുന്നതു രക്ഷിതാക്കൾക്കും ഏറെ ആശ്വാസം പകർന്നു.
