കുവൈറ്റ് സിറ്റി: രാജ്യത്ത് വാടക വിപണിയിൽ വർധന രേഖപ്പെടുത്തുന്നതായി കണക്കുകൾ. കെട്ടിടങ്ങൾക്കും യൂനിറ്റുകൾക്കുമുള്ള പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ ഗൈഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2022 ജൂൺ അവസാനത്തോടെ കുവൈത്തിലെ മൊത്തം കെട്ടിടങ്ങളുടെ എണ്ണം 2,13,000ത്തിൽ എത്തി. 2021 ജൂൺ അവസാനത്തിൽ 2,09,700 കെട്ടിടങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ 12 മാസത്തിനുള്ളിൽ 1.6 ശതമാനം വളർച്ചനിരക്കാണ് കൈവരിച്ചത്. 2020 ജൂണിൽനിന്ന് 2021 ജൂൺ അവസാനത്തെ വളർച്ചനിരക്കായ 1.2 ശതമാനത്തേക്കാൾ കൂടുതലുമാണിത്.
കെട്ടിടങ്ങളെ വ്യത്യസ്ത യൂനിറ്റുകളായി തിരിച്ച കണക്കുകളും പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ ഗൈഡിൽ ലഭ്യമാണ്. ഇത് 2022 ജൂൺ അവസാനത്തോടെ 7,64,100 യൂനിറ്റിലെത്തി. 2021 ജൂൺ അവസാനത്തെ 7,52,400 യൂനിറ്റുകളെ അപേക്ഷിച്ച് 1.6 ശതമാനം വർധന രേഖപ്പെടുത്തി. 2011 അവസാനം മുതൽ 2022 ജൂൺ വരെയുള്ള കാലയളവിൽ മൊത്തം യൂനിറ്റുകളുടെ സംയുക്ത വളർച്ചനിരക്ക് 2.2 ശതമാനം കൂടിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്ത് മൊത്തം കെട്ടിടങ്ങളുടെ 68.4 ശതമാനവും താമസത്തിനായാണ് ഉപയോഗിക്കുന്നത്.
യൂനിറ്റുകളുടെ ആകെ എണ്ണത്തിന്റെ 46.1 ശതമാനവും അപ്പാർട്മെന്റുകളാണ്. ഇതിൽ വീടുകൾ 21.7 ശതമാനവും കടകൾ 19.7 ശതമാനവുമാണ്. ഈ വർഷം ജൂൺ വരെ അപ്പാർട്മെന്റ്, ഹൗസിങ് മേഖല മുൻവർഷത്തേതിൽനിന്ന് ക്രമാനുഗതമായ വർധന രേഖപ്പെടുത്തി. കടകൾ, അപ്പാർട്മെന്റുകൾ, വീടുകൾ എന്നിവയുടെ സംയുക്ത വാർഷിക വളർച്ചനിരക്ക് യഥാക്രമം 3.1 ശതമാനം, 2.4 ശതമാനം, 1.4 ശതമാനം എന്നിങ്ങനെയാണ്.