ഭീകരർക്ക് സഹായം; ഖത്തറുമായുള്ള നയതന്ത്രബന്ധം 4ഗൾഫ് രാജ്യങ്ങൾ അവസാനിപ്പിച്ചു.

ദുബായ്∙ ഭീകരർക്ക് സഹായം നൽകുന്നുവെന്ന് ആരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യയടക്കമുള്ള നാലു രാജ്യങ്ങൾ അവസാനിപ്പിച്ചു. സൗദിക്കുപുറമെ യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നിവരാണ് ബന്ധം ഉപേക്ഷിച്ചത്. ഖത്തറിലെ എംബസികളടച്ച രാജ്യങ്ങൾ, തങ്ങളുടെ ജീവനക്കാരെ ഇവിടെനിന്നു പിൻവലിക്കുമെന്നും വ്യക്തമാക്കി. ഗൾഫ് മേഖലയിലെ സുരക്ഷ ഖത്തർ അസ്ഥിരമാക്കിയെന്ന് യുഎഇ പറഞ്ഞു. യെമനിൽ പോരാട്ടം നടത്തുന്ന സഖ്യസേനയിൽനിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദിയും വ്യക്തമാക്കി.

ഖത്തറിലേക്കുള്ള വ്യോമ – നാവിക ഗതാഗതസംവിധാനങ്ങൾ അവസാനിപ്പിക്കുകയാണെന്നും നാലു രാജ്യങ്ങളും പറഞ്ഞു. ഗതാഗതം അവസാനിപ്പിക്കുന്നത് ഖത്തർ എയർവെയ്സ് സർവീസിനെയും ഗുരുതരമായി ബാധിക്കും. അതേസമയം, ഇക്കാര്യത്തിൽ ഖത്തറിന്റെ പ്രതികരണം ഇതുവരെയും എത്തിയിട്ടില്ല.