പത്തൊൻപതാമത്‌ ഗൾഫ്‌ മാർത്തോമ്മാ യൂത്ത്‌ കോൺഫറൻസ്‌ മസ്കത്തിൽ

മസ്കറ്റ് :മാർത്തോമ്മാ സഭയുടെ ഗൾഫ്‌ മേഖലയിലെ ഇടവകകളെ പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തിവരുന്ന ഈ വർഷത്തെ ഗൾഫ്‌ മാർത്തോമ്മാ യൂത്ത്‌ കോൺഫറൻസ്‌ (യുവജന സംഗമം) സെപ്തംബർ ഒന്ന്‌ മുതൽ മൂന്ന്‌ വരെ മസ്കത്തിൽ നടക്കും. ഈ വർഷം പത്തൊൻപതാമത്‌ കോൺഫറൻസാണ്‌ സംഘടിപ്പിക്കുന്നത്‌. ഒമാൻ മാർത്തോമ്മാ ഇടവക ആതിഥ്യമരുളുന്ന കോൺഫറൻസിൽ ഒമാനിൽ നിന്നും മറ്റ്‌ ഗൾഫ്‌ രാഷ്ട്രങ്ങളിലെ ഇരുപതോളം പള്ളികളിൽ നിന്നുമായി ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. `അതിരുകൾ കവിയുന്ന ദൈവസ്നേഹം` എന്നതാണ്‌ ഈ വർഷത്തെ ചിന്താ വിഷയം. അതിരുകൾക്കുപ്പുറമായി സ്നേഹിക്കുന്ന ദൈവരാജ്യ പ്രവൃത്തി യുവതലമുറക്ക്‌ പകർന്നു നൽകുക എന്ന മഹത്തായ ലക്ഷ്യവുമായാണ്‌ ചിന്താ വിഷയം തിരഞ്ഞെടുത്തിരിക്കുന്നത്‌.

റുവി സെന്റ്‌. തോമസ്‌ ചർച്ചിൽ സെപ്തംബർ ഒന്നിന്‌ ഉച്ചയ്ക്ക്‌ 3.30 ന്‌ ആരംഭിക്കുന്ന സംഗമത്തിന്റെ ഉദ്ഘാടനം ഒമാൻ മതകാര്യ മന്ത്രാലയ ഡയറക്ടർ ജനറൽ H.E അഹമ്മദ്‌ ഖമ്മീസ്‌ അൽ ബാഹ്‌രി നിർവഹിക്കും. മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റും രക്ഷാധികാരിയുമായ ഡോ. തോമസ്‌ മാർ തീത്തോസ്‌ എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സഭയുടെ തിരുവന്തപുരം, കൊല്ലം ഭദ്രാസനാധിപൻ റൈറ്റ്‌ റവറന്റ്‌ ഡോ. ജോസഫ്‌ മാർ ബർണബാസ്‌ എപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകും. കോൺഫറൻസിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനം ഇന്ത്യൻ എംബസ്സി ഫസ്റ്റ്‌ സെക്രട്ടറി പുനീത്‌ ശർമ്മ നിർവ്വഹിക്കും.
മൂന്ന്‌ ദിവസങ്ങളിലായി നടക്കുന്ന സംഗമത്തിന്റെ വിവിധ സെഷനുകളിൽ റിട്ട. ഡി. ജി. പി. ഡോ. അലക്സാണ്ടർ ജേക്കബ്‌ ഐ പി എസ്‌, അദ്ധ്യാപികയും ബീഹാറിലെ അധ:സ്ഥിതരുടേയും പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്റേയും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന പദ്മശ്രീ സിസ്റ്റർ സുധാ വർഗീസ്സ്‌, ഫാദർ ബോബി ജോസ്‌ കട്ടിക്കാട്‌, പ്രമുഖ എഴുത്തുകാരനും കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവുമായ സുഭാഷ്‌ ചന്ദ്രൻ, ഭിന്നലിംഗ സമൂഹത്തിന്റെയും കുട്ടികളുടേയും സ്ത്രീകളുടെയും അവകാശങ്ങൾക്കായി പോരാട്ടം നടത്തുന്ന ഡോ. അക്കായ്‌ പദ്മശാലി, റവ. ബോബി മാത്യു (കുവൈറ്റ്‌), സന്തോഷ്‌ ജോർജ്‌, ജെസ്സൻ ജോസഫ്‌ തുടങ്ങി ആത്മീയ­­­­സാമൂഹിക­­സാംസ്കാരിക­­സാഹിത്യ രംഗത്തെ പ്രമുഖർ ക്ളാസ്സുകൾക്ക്‌ നേതൃത്വം നൽകും. ബൈബിൾ ക്ളാസുകൾ, എഴുത്തുപുര, അനുഭവസാക്ഷ്യം, ടാലന്റ്‌ നൈറ്റ്‌, സംഗീത ക്ളാസുകൾ എന്നിവ കോൺഫറൻസിനു മാറ്റുകൂട്ടും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി 13 വയസ്സ്‌ വരെയുള്ള കുട്ടികൾക്ക്‌ വേണ്ടി കിഡ്സ്‌ കോൺഫറൻസും ക്രമീകരിച്ചിട്ടുണ്ട്‌.

ഫ്ളെക്സുകൾ പൂർണ്ണമായും ഒഴിവാക്കിയും പ്ളാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചും പു:നരുപയോഗിക്കാവുന്ന പേപ്പർ മാത്രം ഉപയോഗിച്ചും പ്രകൃതിയോട്‌ ചേർന്ന്‌ നിൽക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതും ജൈവനീതിയിൽ അടിസ്ഥാനമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതുമാകും ഈ വർഷത്തെ കോൺഫറൻസ്‌.

കോൺഫറൻസ്‌ രക്ഷധികാരി റൈറ്റ്‌ റവ. തോമസ്‌ മാർ തീത്തോസ്‌ എപ്പിസ്കോപ്പ, ചെയർമാൻ റവ. ജാക്സൺ ജോസഫ്‌, വൈസ്‌ ചെയർമാൻ റവ: ജോൺസൻ വർഗീസ്‌, മാർത്തോമ്മാ യുവജനസഖ്യം ജനറൽ സെക്രട്ടറി റവ. ബേബി ജോൺ, ജോയിന്റ്‌ കൺവീനർമാരായ സന്തോഷ്‌ കോവൂർ, സ്റ്റാൻലി വി. സണ്ണി, സെക്രട്ടറി സിബി യോഹന്നാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.