ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങി, ഹജ്ജിനായി വിപുലമായ സൗകര്യങ്ങൾ.

By : Mujeeb Kalathil

ദമ്മാം : ഈ വര്‍ഷത്തെ വിശുദ്ധ ഹജ് കർമം നിർവഹിക്കുന്നതിനായി ഹാജിമാർ മക്കയിൽ എത്തിത്തുടങ്ങി. ശനിയാഴ്ച്ച രാവിലെ മുതലാണ്‌ ഹാജിമാർ മക്കയിൽ എത്തിയത്. കോവിഡ് സാഹചര്യത്തിൽ കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് സ്വദേശികളും രാജ്യത്തെ താമസക്കാരായ വിദേശികളും ഉൾപ്പെട്ട ആഭ്യന്തര തീർഥാടകർ ഇന്നും നാളെയുമായി മക്കയിലെത്തും.
മക്കയിലെത്തുന്ന ഹാജിമാര്‍ക്ക് പ്രാരംഭ ത്വവാഫ് ചെയ്യിക്കുന്നതിന് അഞ്ഞൂറോളം പേരാണ് സേവന സജ്ജരായി മക്കയിലുള്ളത്. രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ച അറുപതിനായിരത്തോളം പേരാണ് ഇക്കുറി ഹജ് കർമം നിർവഹിക്കുന്നത്.

ഹജ് തീർഥാടകർക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളും ആരോഗ്യ പരിചരണങ്ങളും നൽകാൻ വിശുദ്ധ ഹറമിലും പുണ്യസ്ഥലങ്ങളിലും റെഡ് ക്രസന്റിനു കീഴിൽ 300 ലേറെ വളണ്ടിയർമാർ പ്രവർത്തിക്കുന്നു. വിശുദ്ധ ഹറമിലും പുണ്യസ്ഥലങ്ങളിലും മുൻകരുതൽ, പ്രതിരോധ നടപടികൾ ബാധകമാക്കുന്നതിൽ ഇവർ പങ്കാളിത്തം വഹിക്കുന്നു. ഓക്‌സിജൻ ബാഗുകൾ അടക്കം പ്രാഥമിക ശുശ്രൂഷകൾ നൽകാൻ ആവശ്യമായ മുഴുവൻ സജ്ജീകരണങ്ങളും അടങ്ങിയ 30 ഫസ്റ്റ് എയിഡ് ബാഗുകകൾ റെഡ് ക്രസന്റ് വളണ്ടിയർ സംഘങ്ങൾക്ക് നൽകിയിട്ടുണ്ട്.
കോവിഡ് ശക്തമായതിനാൽ വിദേശരാജ്യങ്ങളിൽനിന്ന് ആർക്കും ഇൗ വർഷവും ഹജ്ജിന് അനുമതി നൽകിയിട്ടില്ല. ഇത് രണ്ടാം വർഷമാണ് വിദേശ തീർഥാടകർക്ക് വിലക്ക് നല്‍കുന്നത്. കഴിഞ്ഞ വർഷം പരിമിത എണ്ണം ആഭ്യന്തര തീർഥാടകർക്കായിരുന്നു അവസരം നല്‍കിയിരുന്നത്.