ഒരുങ്ങുന്നത് 15,800 വീടുകള്‍; ദുബായ് പൗരന്മാര്‍ക്ക് ഭവനപദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

ദുബായ്∙ ദുബായ് പൗരന്മാര്‍ക്ക് നാലുവര്‍ഷത്തിനകം 15,800 വീടുകള്‍ നിര്‍മിക്കാനുദ്ദേശിച്ചുള്ള സംയോജിത ഭവനപദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മികച്ച ജീവിത നിലവാരവും സ്ഥിരതയും സാമൂഹ്യജീവിതവും ഉറപ്പാക്കുന്ന സമഗ്രപദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ഷെയ്ഖ് ഹംദാന്‍ രാജകുമാരന്‍ ട്വിറ്ററില്‍ കുറിച്ചു. വരുംമാസങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ പദ്ധതികള്‍ക്ക് തുടക്കമിടും.

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും താനും സഹോദരന്‍ ഷെയ്ഖ് മഖ്തൂമും പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുമെന്നും ഷെയ്ഖ് ഹംദാന്‍ അറിയിച്ചു. 170 കോടി ദിര്‍ഹം ചെലവില്‍ അല്‍ ഖവനീജിലും അല്‍ വര്‍ഖായിലും നടപ്പാക്കുന്ന ഭവനപദ്ധതികളുടെ പുരോഗതിയും ഷെയ്ഖ് ഹംദാന്‍ നേരിട്ട് വിലയിരുത്തി.

അല്‍ വര്‍ഖായിലെ പ്രവർത്തികൾ 45 ശതമാനം പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു. 136 വില്ലകളാണ് പദ്ധതിയുടെ ഭാഗമായി ഇവിടെ നിർമിക്കുന്നത്. ഓരോ വില്ലകളിലും നാലു മുറികളും അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കും. 2023ൽ ഇവ ജനങ്ങൾക്ക് നൽകാൻ സാധിക്കുമെന്നാണ് കരുതുന്നത്. അല്‍ ഖവനീജിൽ 1050 വില്ലകളാണ് നിർമിക്കുന്നത്. 1.56 ബില്യൺ ദിർഹമാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. വില്ലകൾ, സെമി ഡിറ്റാച്ചഡ് വില്ലകൾ, ടൗൺ ഹൗസുകൾ എന്നിവയാണ് ഈ പദ്ധതിയിൽ ഉള്ളത്.

പൗരന്മാർക്ക് വീടുകൾ നൽകുക മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം, സംയോജിത റസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ വികസിപ്പിക്കുകയും ഉയർന്ന ജീവിത നിലവാരം നൽകുകയും കുടുംബ സ്ഥിരത ഉറപ്പാക്കുന്ന ഒരു സാമൂഹിക സംവിധാനം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണെന്നും ഹംദാൻ വ്യക്തമാക്കി. ഇൻഫ്രാസ്ട്രക്ചർ, അർബൻ പ്ലാനിംഗ് ആൻഡ് വെൽബീയിംഗ് ട്രാക്ക് കമ്മീഷണർ ജനറൽ മാറ്റാർ അൽ തായർ, മുഹമ്മദ് ബിൻ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒമർ ബു ഷെഹാബ് എന്നിവർ ഷെയ്ഖ് ഹംദാനൊപ്പം ഉണ്ടായിരുന്നു.