അബുദാബി: അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, 2023-ലെ ലിവ അന്താരാഷ്ട്ര മേളയുടെ- മൊരീബ് ഡ്യൂണിന്റെ നിലവിലെ ഒരുക്കങ്ങൾ വിലയിരുത്തി.
അബുദാബിയിലെ സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്ക് അൽ നഖീൽ പാലസിൽ ശൈഖ് ഹംദാനെ സ്വീകരിച്ചു. ഈ കൂടിക്കാഴ്ചയിലാണ് അദ്ദേഹം മേളയുടെ നാളിതു വരെയുള്ള ഒരുക്കങ്ങൾ വിലയിരുത്തിയത്.ലിവ സ്‌പോർട്‌സ് ക്ലബ്ബ് അബുദാബിയുടെ സാംസ്‌കാരിക ടൂറിസം വകുപ്പുമായി സഹകരിച്ച് ശൈഖ് ഹംദാന്റെ രക്ഷാകർതൃത്വത്തിലാണ് മേള നടക്കുന്നത്. ഇത് അൽ ദഫ്ര മേഖലയിലെ ഉത്സവങ്ങളേയും, സംസ്കാരത്തെയും പിന്തുണയ്ക്കുകയും ഏകീകരിക്കുകയും ചെയ്യുന്നതായും ശൈഖ് ഹംദാൻ അഭിപ്രായപ്പെട്ടു.പ്രാദേശിക ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും അതിഥികളെ ആകർഷിക്കുന്നതിനുമുള്ള അവസരമായി മേളയുടെ മുൻകാലങ്ങളിലെ മികച്ച പ്രകടനങ്ങൾ കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം അടിവരയിട്ടു.ലിവ സ്‌പോർട്‌സ് ക്ലബ് ഡയറക്ടർ ബോർഡ്, മേളയുടെ ഉന്നത സംഘാടക സമിതി, സ്‌പോൺസർമാർ, പരിപാടിയുടെ വിജയത്തിന് സംഭാവനകൾ നൽകിയ തന്ത്രപ്രധാന പങ്കാളികൾ എന്നിവർക്കും മറ്റെല്ലാ പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും മികച്ച ഭരണനിർവഹണത്തിനും ശൈഖ് ഹംദാൻ നന്ദി പറഞ്ഞു.ബഹ്‌റൈനിലെ യുഎഇ അംബാസഡർ ശൈഖ് സുൽത്താൻ ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാനും, നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.