ദുബായ് ∙ ദുബായിയുടെ നിറങ്ങളിൽ പിറന്നാൾ ആഘോഷം കളറാക്കി പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ വിഘ്നേശ് ശിവൻ. അമ്മയ്ക്കും ഭാര്യയും നടിയുമായ നയൻതാരയ്ക്കും അടുത്ത ബന്ധുക്കൾക്കും ഒപ്പമായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ പിറന്നാൾ ആഘോഷിച്ചത്. ദുബായ് മറീനയുടെ മനോഹരമായ പശ്ചാത്തലത്തിൽ ആയിരുന്നു ആഘോഷങ്ങൾ. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ചു. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചു.
‘തങ്കമേ, ഇത് നിനക്കൊപ്പമുള്ള എന്റെ എട്ടാമത്തെ പിറന്നാളാണ്. എല്ലാതവണയും മുൻവർഷത്തെ പിറന്നാളിനേക്കാൾ സ്പെഷ്യൽ ആക്കാറുണ്ട് നീ. പക്ഷേ, ഇത് വളരെ ഇമോഷണൽ ആണ്. നന്ദിയുണ്ട്. എന്നെ എന്താണ് കൂടുതൽ സന്തോഷിപ്പിക്കുകയെന്ന് നിനക്ക് അറിയാം. അതുതന്നെയാണ് നീ എനിക്ക് നൽകിയതും. സന്തോഷവും സമാധാനവും ഉണ്ടാവട്ടേ. നീ എന്നെ സ്നേഹിക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്’– നയൻതാരയോടുള്ള പ്രണയം ആവർത്തിച്ച് വിഘ്നേശ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ദുബായ് നഗരത്തിന്റെ മനോഹാരിത ഇരുവരിലേക്കും ആവാഹിക്കുന്ന ചിത്രങ്ങളാണ് വിഘ്നേശ് പങ്കുവച്ചത്. നയൻതാരയെ ചേർത്തുപിടിച്ച് ദുബായിയുടെ രാത്രി ഭംഗിയിലുള്ള ദൃശ്യങ്ങൾക്കു താഴെ നിരവധി ആരാധകരാണ് ആശംകളുമായി എത്തിയത്. അദ്ദേഹം പങ്കുവച്ച വിഡിയോയിൽ ഐൻ ദുബായിയും കാണാം. ദുബായുടെ കണ്ണ് എന്നർഥമുള്ള ഐൻ ദുബായ് എന്ന ഒബ്സർവേഷൻ വീലാണിത്. ‘സ്വപ്ന ദിനങ്ങൾ’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ വിഘ്നേശ് പങ്കുവച്ചത്. അടുത്ത ഏതാനും ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വർണാഭമായ ആഘോഷങ്ങളിൽ പങ്കെടുത്തത്.