ബഹ്റൈൻ : വിശുദ്ധ റമദാനില്‍ ഒരുമയുടെ സന്ദേശം പകരുന്ന ഹരിദാസിന്റെ സ്നേഹം ഈ കൊവിഡ് കാലത്തും മുടങ്ങില്ല, ബഹ്റൈനില്‍ വര്‍ഷങ്ങളായി എന്‍ജിനീയറായി ജോലി ചെയ്തുവരുന്ന ഹരിദാസ് റമളാനില്‍ പള്ളികളിലെ ഇഫ്താറിന് പാനീയങ്ങള്‍ നല്കാറുണ്ടായിരുന്നു. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ പള്ളികള്‍ അടച്ചിട്ടതോടെയാണ് പാനീയങ്ങള്‍ അര്‍ഹരിലേക്കെത്തിക്കാന്‍ അദ്ദേഹം ബഹ്റൈന്‍ കെ.എം.സി.സിയെ സമീപിച്ചത്. വര്‍ഷങ്ങളായി തുടരുന്ന തന്റെ സ്നേഹം ഈ മഹാമാരിയുടെ കാലത്തും മുടങ്ങാതെ മുസ്ലിം സഹോദരന്മാരിലേക്കെത്തണമെന്ന ആഗ്രഹമായിരുന്നു ഹരിദാസിന്. ഇതോടെ ഇദ്ദേഹത്തിന്റെ ആഗഹ്ര സഫലീകരണത്തിന് കെ.എം.സി.സിയും പങ്കുചേര്‍ന്നതോടെ മതസൗഹാര്ദരംഗത്ത്പു തു ചുവടുവയ്പ്പുമായി. കെ.എം.സി.സിയുടെ നേതൃത്വത്തിലുള്ള ഇഫ്താര്‍ കിറ്റുകളോടൊപ്പം മതസൗഹാര്‍ദ രുചിയുള്ള ഹരിദാസിന്റെ പാനീയങ്ങളും വിതരണം ചെയ്യുമെന്ന് ബഹ്റൈന്‍ കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു.തൃശ്ശൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ പുണ്യപ്രവൃത്തി മതസൗഹാര്‍ദത്തിന് കരുത്ത് പകരുന്നതാണെന്നും അദ്ദേഹത്തിന്റെ ഉദ്ദേശലക്ഷ്യംപോലെ അര്‍ഹരിലേക്കെത്തിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.എന്തായാലും കൊവിഡിലും ജാതിയും മതവും കലര്‍ത്തി വിഭാഗീയത സൃഷ്ടിക്കുന്നവര്‍ക്ക് മാതൃകയാവുകയാണ് ഹരിദാസ്.