മസ്കറ്റ്: കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ കൂടുതൽ ആരോഗ്യപ്രവർത്തകർ ഇന്ന് മസ്കത്തിൽ തിരിച്ചെത്തും. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന 72 പേരാണ് കൊച്ചിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ തിരിച്ചെത്തുക. കൊവിഡ് വ്യാപനം കൂടുന്നതിന് മുമ്പ് ഒമാനിൽ നിന്നും നാട്ടിലേക്കു അവധിക്കു പോയിരുന്നവരാണ് ഇവർ. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം മസ്കത്ത് ഇന്ത്യൻ എംബസിയുടെ ഇടപെടിലിൽ ആണ് ഇവർ മടങ്ങിയെത്തുന്നത്. ഏതാണ്ട് 250 ഓളം ആരോഗ്യ പ്രവർത്തകരാണ് ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയത്. കുറച്ചുപേർ മുമ്പും ഒമാനിൽ തിരിച്ചെത്തിയിരുന്നു. ആദ്യമായാണ് ഇത്രയധികം പേർ മടങ്ങിയെത്തുന്നത്. രാവിലെ പതിനൊന്നു മണിക്ക് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം, ഒമാൻ സമയം ഉച്ചക്ക് ഒരുമണിയോടെ മസ്കത്തിൽ എത്തും. യാത്രക്ക് ഓൺലൈനിൽ ടിക്കറ്റ് വാങ്ങിയവർക്ക് 42800 ഇന്ത്യൻ രൂപ നിരക്കിലും ഏജൻറ് മുഖേന വാങ്ങിയവർക്ക് 45800 രൂപ നിരക്കിലുമാണ് ടിക്കറ്റ് ലഭിച്ചത് .