മനാമ :ഹാർട്ട് കൂട്ടായ്മ കഴിഞ്ഞ വെള്ളിയാഴ്ച സൽമാനിയ അവാൽ റെസിഡൻസിയിൽ വച്ച് ഈ വർഷത്തെ ഓണാഘോഷം വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു. പൂക്കളവും, മാവേലി വരവേൽപ്പും, കൈകൊട്ടിക്കളിയും ആഘോഷങ്ങൾക്ക് ഗ്രുഹാതുരത്വം നൽകി. കുട്ടികളുടെ ഡാൻസ്, ഓണപ്പാട്ടുകൾ, എന്നിവയ്ക്കു പുറമെ അംഗങ്ങളുടെ മറ്റ് കലാപരിപാടികളും ചേർന്നപ്പോൾ ചടങ്ങ് കൂടുതൽ ഭംഗിയായി. വിഭവ സമൃദ്ധമായ സദ്യ കഴിച്ച് അംഗങ്ങൾ പരസ്പരം ഓണത്തിന്റെ ഓർമ്മകൾ പങ്കുവച്ചു. നാട്ടിലെ ആഘോഷങ്ങൾക്ക് വിപരീതമായി മാസങ്ങൾ നീണ്ടുനിൽക്കുന്ന പ്രവാസത്തിലെ ഓണാഘോഷം കൂടുതൽ സന്തോഷം പകരുന്നതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു. മഹാബലിയോടൊപ്പം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 4 അംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തി ആരംഭിച്ച ആഘോഷങ്ങൾക്ക് കാസിം കല്ലായി സ്വാഗതം പറഞ്ഞു. അവതാരകനായ സാബു പാലായ്ക്കൊപ്പം കൂട്ടായ്മയിലെ പുതിയ അംഗങ്ങൾ ആശംസകൾ നേർന്നു സംസാരിച്ചു. അഷ്റഫ് നന്ദി പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ ഓണാഘോഷത്തോടൊപ്പം വരും നാളുകളിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തങ്ങളെ കുറിച്ച് കൂടിയാലോചിക്കുകയും ചെയ്തു. 13 വർഷത്തെ പ്രവാസത്തിന് ശേഷം ഈ പവിഴദ്വീപിനോട് വിടപറയുന്ന കൂട്ടായ്മയിലെ എല്ലാ പ്രവർത്തങ്ങളിലും വളരെയേറെ ഉത്സാഹത്തോടെ പ്രവർത്തിച്ചിരുന്ന അംഗം വിനോദിന് മൊമെന്റോ നൽകി ആദരിച്ചു. ഹാർട്ട് പൊന്നോണം 2023 ഏറ്റവും ഭംഗിയായി ആഘോഷിക്കാൻ കഴിഞ്ഞത് അഡ്മിൻ പാനലിന്റെയും, അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.