വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തിയാൽ കനത്ത പിഴയും,ജയിൽ ശിക്ഷയും; യുഎഇ ആഭ്യന്തര മന്ത്രാലയം

ദുബായ്: പ്രശസ്ത കമ്പനികളുടെ പേര് ഉപയോഗിച്ച് രാജ്യത്ത് വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തിയാൽ കനത്ത പിഴക്കൊപ്പം ജയിൽ ശിക്ഷയും ലഭിക്കുമെന്ന്‌ മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം.പത്ത് ലക്ഷം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക.കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് സാധനങ്ങള്‍ കണ്ടുകെട്ടല്‍, നാടുകടത്തല്‍ എന്നിവ ഉള്‍പ്പെടെ അനുഭവിക്കേണ്ടി വരും. വ്യാജ ഉൽപന്നങ്ങൾ വില്‍ക്കുന്നവരെ കണ്ടെത്താന്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിട്ടുണ്ട് .യുഎഇയില്‍ ഉപഭോക്താക്കളെ കബളിപ്പിച്ച് നടത്തുന്ന വ്യാജ വിപണിയുടെ മൂല്യം 23 ട്രില്യണ്‍ ഡോളറാണെന്നാണ് മന്ത്രാലത്തിന്റെ കണക്ക്. ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകരുതെന്നും വ്യാജ ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തെ അറിയിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കി.ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചു വെക്കുന്നതും ശിക്ഷാര്‍ഹമാണ്.