കനത്ത ചൂട് : കുവൈറ്റിൽ തൊഴിലിടങ്ങളിൽ പരിശോധന തുടരുന്നു

By : JT

കുവൈറ്റ്‌ : കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ പകല്‍ സമയത്ത് ഏര്‍പ്പെടുത്തിയ തൊഴില്‍ നിയന്ത്രണം നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നാഷണൽ സെന്റർ ഫോർ ഒക്യുപേഷണൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ജൂണ്‍ ഒന്ന് മുതല്‍ 24 വരെയുള്ള കാലയളവില്‍ 502 തൊഴിലിടങ്ങള്‍ പരിശോധന നടത്തിയതായി പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ ഔദ്യോഗിക വക്താവുമായ അസീൽ അൽ മസീദ് അറിയിച്ചു
നിയമ ലംഘനം നടത്തിയ 324 കമ്പനികൾക്ക് ഇതുവരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അൽ മസീദ് പറഞ്ഞു. പുനപരിശോധനയില്‍ 200 കമ്പനികൾ വ്യവസ്ഥകൾ പാലിച്ചതായി കണ്ടെത്തി. അതോറിറ്റിയുടെ ഹോട്ട്‌ലൈന്‍ നമ്പറുകള്‍, വെബ്‌സൈറ്റ് എന്നിവ വഴി 31 പരാതികള്‍ ലഭിച്ചതായും അസീൽ അൽ മസീദ് വ്യക്തമാക്കി.തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമുള്ള നിർദ്ദേശം പാലിക്കണമെന്ന് അസീൽ അൽ മസീദ് തൊഴിലുടമകളോട് ആവശ്യപ്പെട്ടു. അതോറിറ്റിയുടെ ലക്ഷ്യം തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുകയെന്നതാണ്. നിയമലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിക്കാൻ എല്ലാ ഗവർണറേറ്റുകളിലും അതോറിറ്റി ഹോട്ട്‌ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

നമ്പറുകൾ: ക്യാപിറ്റൽ, ജഹ്‌റ ഗവർണറേറ്റ്സ് – 66646466, മുബാറക് അൽ കബീർ ഗവർണറേറ്റ് – 99990930, ഫർവാനിയ ഗവർണറേറ്റ് – 66205229, അഹ്മദി ഗവർണറേറ്റ് – 66080612, ഹവാലി ഗവർണറേറ്റ് – 99709994.