മസ്കറ്റ് : ‘അൽ ബർക്കത്ത്’ ന്യൂനമർദത്തിന്റെ ഫലമായി ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ രണ്ടാം ദിവസവും ശക്തമായ കാറ്റും മഴയും. ഞായറാഴ്ച ഉച്ചക്കുശേഷമാണ് മഴ തുടങ്ങിയത്. ബാത്തിന ഗവർണറേറ്റിൽ ബർക്ക, അവാബി, നഖൽ തുടങ്ങിയ പ്രദേശങ്ങളിലും ദാഖിലിയ, തെക്കൻ ശർഖിയ മേഖലകളിലും ശക്തമായ മഴയാണ് പെയ്തത്. ബർക്കയിൽ മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. പല കെട്ടിടങ്ങളുടെയും, പാർക്കിംഗ് മേൽക്കൂരകളും തകർന്നുപോയി. ചില ഷോറൂമുകളുടെയും ഒൗട്ട്ലെറ്റുകളുടെയുമെല്ലാം ബോർഡുകളും ചില്ലുകളും തകർന്നുവീണു. ന്യൂനമർദത്തിന്റെ ഫലമായുള്ള ഈ കാലാവസ്ഥ രണ്ടു ദിവസം കൂടി തുടരും എന്നാണ് പ്രവചനം.