മസ്കറ് : ത്രിദിന സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് ഉജ്വല സ്വീകരണം. ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അല്‍ സെയ്ദ് അമീറിനെ സ്വീകരിച്ചു.
സുൽത്താന്‍ ഖാബൂസിന്റെ അതിഥിയായി മസ്കത്തിലെത്തിയ കുവൈത്ത് അമീറിന് ദിവാൻ ഓഫ് റോയൽ കോർട്ടിന്റെ നേതൃത്വത്തിൽ രാജകീയ വരവേൽപ്പാണ് നല്‍കിയത്. തുടര്‍ന്ന് സൈനിക അകമ്പടിയോടെ അൽ ആലം കൊട്ടാരത്തിലേക്ക് ആനയിച്ചു. കൊട്ടാരത്തിലെത്തിയ ഷെയ്ഖ് സബാഹ് സുല്‍ത്താന്‍ ഖാബൂസുമായി ചര്‍ച്ച നടത്തി. മേഖലയിലെയും രാജ്യാന്തര തലത്തിലുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങൾക്കിടയിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ ധാരണകളില്‍ നാളെ ഒപ്പുവെക്കും. കുവൈത്ത് നാഷനല്‍ ഗാര്‍ഡ് ഡെപ്യൂട്ടി ചീഫ് മിഷാല്‍ അല്‍ അഹ്മദ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അസ്സബാഹ് തുടങ്ങി ഉന്നതതല സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച ഇറാൻ പ്രസിഡന്റ് ഹസന് റൂഹാനി ഒമാനും കുവൈത്തും സന്ദർശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ കുവൈത്ത് അമീറിന്റെ ഒമാൻ സന്ദർശനത്തിന് വന്‍ പ്രാധാന്യമാണ് കല്പിക്കുന്നത്.