ദില്ലി: ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ യുവതിക്കും ഭർത്താവിനും നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. ദില്ലയിലെ ഗുഡ്ഗാവിലെ സൊഹ്നാ റോഡിൽ 47ാം സെക്ടറിലെ ഒരു റെസ്റ്റോറൻറിൽ വച്ചാണ് ഒരു സംഘം ആളുകൾ ആക്രമിച്ചത്. യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭർത്താവിൻറെ തലയ്ക്ക് ഇവർ മദ്യക്കുപ്പികൊണ്ട് അടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും ഇതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.
മദ്യപിച്ചെത്തിയ ആറംഗ സംഘം യുവതിയുടെയും ഭർത്താവിൻറെയും മേശയ്ക്ക് ചുറ്റും കൂടി നിൽക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് ഇരുവരുമായും തർക്കിക്കുകയും യുവതിയുടെ ഭർത്താവിനെ മദ്യക്കുപ്പികൊണ്ട് തലക്കടിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട ആറുപേർക്കുമെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.