ഒമാനിൽ രോഗവിവരം അറിയിച്ചില്ലെങ്കിൽ മൂന്നുവർഷം വരെ തടവും 3000 റിയാൽ വരെ പിഴയും

മസ്​കറ്റ് : കോവിഡ്​ രോഗബാധ സംബന്ധിച്ച വിവരം റിപ്പോർട്ട്​ ചെയ്യാത്തവർക്കും ക്വാറന്റ്യൻ മാർഗ നിർദേശങ്ങൾ പാലിക്കാത്തവർക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു. പകർച്ചവ്യാധി നിയന്ത്രണ നിയമത്തിലെ ചില വ്യവസ്​ഥകളിൽ ഭേദഗതി വരുത്തിയുള്ള സുൽത്താൻ ഹൈതം ബിൻ താരീഖി​ന്റെ ഉത്തരവി​ന്റെ അടിസ്​ഥാനത്തിലാണ്​ സുപ്രീം കമ്മിറ്റിയുടെ അറിയിപ്പ്​. പകർച്ചവ്യാധിയെ കുറിച്ച്​ യഥാസമയം സർക്കാറിൽ റിപ്പോർട്ട്​ ചെയ്യാത്തവർക്ക്​ മൂന്ന്​ മാസം മുതൽ ഒരു വർഷം വരെ തടവും 1000 റിയാൽ മുതൽ 3000 റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും ചേർന്നുള്ള ശിക്ഷയോ നൽകാനാണ്​ റോയൽ ഡിക്രി 32/2020 പ്രകാരമുള്ള നിയമ ഭേദഗതി വ്യവസ്​ഥ ചെയ്യുന്നത്​.വിദേശികളെ ശിക്ഷക്ക്​ ശേഷം നാടുകടത്താനും നിയമത്തിൽ വ്യവസ്​ഥയുണ്ട്​. പകർച്ചവ്യാധി നിരോധന നിയമത്തി​ന്റെ 19, 20 വകുപ്പുകളിലാണ്​ മാറ്റം വരുത്തിയത്​. ഡോക്​ടർ പകർച്ചവ്യാധിയെ കുറിച്ച്​ മതിയായ മുന്നറിയിപ്പും പടരുന്ന രീതികളെ കുറിച്ചും രോഗം പടരാതിരിക്കാൻ ശ്രദ്ധേിക്കേണ്ട കാര്യങ്ങളെ കുറിച്ച്​ മാർഗ നിർദേശം നൽകിയിട്ടും രോഗബാധിതർ പാലിക്കാത്ത പക്ഷം മുകളിൽ നൽകിയ ശിക്ഷക്ക്​ അർഹരാണ്​. പകർച്ച വ്യാധി ബാധിതനോ രോഗ ബാധ സംശയിക്കപ്പെടുന്നവരോ ഏറ്റവുമടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി വൈദ്യ പരിശോധനക്ക്​ വിധേയമാവുകയും ചികിത്സ തേടേണ്ടതുമാണ്​.പകർച്ചവ്യാധി ബാധിത പ്രദേശങ്ങളിൽ നിന്ന്​ വരുന്നവരെ വൈദ്യപരിശോധനക്ക്​ വിധേയരാക്കാൻ നിയമ ഭേദഗതി ആരോഗ്യ വകുപ്പിന്​ അധികാരം നൽകുന്നു. ആവശ്യമെങ്കിൽ ഇവരുടെ ലഗേജുകൾ അടക്കം പിടിച്ചുവെച്ച്​ ബന്ധപ്പെട്ട അധികൃതരുടെ സഹകരണത്തോടെ സമ്പർക്ക വിലക്കിലേക്ക്​ മാറ്റുകയും ചെയ്യാം. രോഗിയോ രോഗം സംശയിക്കപ്പെടുന്നയാളോ താൻ ചികിത്സയിലുള്ള ആരോഗ്യ സ്​ഥാപനത്തി​ന്റെ നിർദേശങ്ങൾ പാലിക്കണം.രോഗം മറ്റുള്ളവരിലേക്ക്​ പടർത്തുന്ന ഒരു പെരുമാറ്റവും ഇവരിൽ നിന്ന്​ ഉണ്ടാകാൻ പാടില്ല. രോഗത്തി​ന്റെ വ്യാപനം തടയുന്നതിന്​ വ്യവസ്​ഥ ചെയ്​ത നടപടികളിൽ നിന്ന്​ വിട്ടുനിൽക്കാനോ പിന്തിരിയാനോ പാടില്ലെന്നും നിയമ ഭേദഗതി വ്യവസ്​ഥ ചെയ്യുന്നു. നിശ്​ചയിക്കപ്പെട്ട പട്ടികയിലുള്ള പകർച്ചവ്യാധികൾക്ക്​ ആരോഗ്യ മന്ത്രിയുടെ നിബന്ധനകൾക്ക്​ വിധേയമായി സർക്കാർ ആശുപത്രിയിൽ നിന്ന്​ ചികിത്സയും പരിചരണവും ലഭ്യമാകുമെന്ന്​ നിയമം വ്യവസ്​ഥ ചെയ്യുന്നു. രോഗിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രഹസ്യമായിരിക്കും.