മസ്കറ്റ് : നേട്ടങ്ങളുടെ നെറുകിൽ ഒമാന് നാൽപത്തി ഒൻപതാം ദേശീയദിനാഘോഷം.സായുധ സേനാ മൈതാനത്ത് നടന്ന പരേഡിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് സല്യൂട്ട് സ്വീകരിച്ചു.സൈനിക പരേഡ് വീക്ഷിക്കാൻ മന്ത്രിമാരും ഷെയ്ഖുമാരും പൗരപ്രമുഖരും വിദേശ രാഷ്ട്ര പ്രതിനിധികളുമടക്കം നിരവധി പേർ എത്തിയിരുന്നു.സായുധ സേന, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താൻ സ്പെഷൽ ഫോഴ്സ്, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ് എന്നീ സേനകൾ പരേഡിൽ പങ്കെടുത്തു.
ഇത്തവണ മുസന്നയിലെ സൈദ് ബിൻ സുൽത്താൻ നേവൽബേസിൽ ആണ് സുൽത്താൻ സലൂട്ട് സ്വീകരിച്ചത്,ഒമാൻ ജനതയുടെ മുന്നേറ്റത്തിൻറെ കഥകളും പാട്ടുകളുമായി നാടും നഗരവും ആഘോഷതിമിർപ്പിലാണ്. ദേശീയ പതാകയും വർണ ദീപങ്ങളുംകൊണ്ട് അലംകൃതമാണ് രാജ്യമെങ്ങും.ദേശീയ ഐക്യം നിലനിർത്താനും എല്ലാ മേഖലയിലും സന്തുലിതമായ വളർച്ചയുണ്ടാക്കാനും കഴിഞ്ഞൂവെന്നതാണ് രാജ്യംനേടിയ മികച്ച നേട്ടം.
വരുംതലമുറകളെകൂടി കണ്ടുകൊണ്ടുള്ള വികസന പദ്ധതികൾ വിജയം കണ്ടതിനും ഒമാനികൾ സാക്ഷിയായി.ഗ്രാമ,നഗരമെന്ന വ്യത്യാസമില്ലാതെ രാജ്യമൊട്ടുക്ക് ദേശീയദിനാഘോഷം കൊണ്ടാടി.മലയാളികളടക്കമുള്ള പ്രവാസികളും പൌരൻമാരും ഒമാൻ ജനതയോടൊന്നിച്ചു ദേശീയദിനം ആഘോഷിക്കുകയാണ്. സൗദി യുഎഇ തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണാധിപൻമാർ, ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻജനതയ്ക്ക് ആശംസകൾ നേർന്നു.