മസ്കറ്റ് : ഒമാനിൽ കോവിഡ് സുഖപ്പെട്ടവരിൽ 90 ശതമാനത്തിലധികം പേരും ആശുപത്രിയിൽ പോകാതെ വീടുകളിൽ സുഖംപ്രാപിച്ചതാണെന്ന് ആരോഗ്യ മന്ത്രാലയം. മൊത്തം രോഗം ബാധിച്ച 2568 രോഗികളിൽ 750 പേരാണ് സുഖം പ്രാപിച്ചത്. ചികിത്സയിലിരുന്ന 12 പേരാണ് മരിച്ചത്. രോഗം ബാധിച്ചതിൽ വലിയൊരു വിഭാഗത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഡോക്ടറായ മറിയം അൽ ഹിനായ് പറഞ്ഞു. നിലവിൽ 65 രോഗികൾ മാത്രമാണ് ആശുപത്രികളിൽ കഴിയുന്നത്. 17 പേരെ ഇൻറൻസിവ് കെയർ യൂനിറ്റിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചതിൽ ഭൂരിഭാഗത്തിനെയും വീടുകളിലാണ് ചികിത്സിക്കുന്നത്. അതോടൊപ്പം രോഗം സുഖപ്പെട്ടതിൽ 90 ശതമാനവും വീട്ടിൽ കഴിഞ്ഞവരാണ്. ഗുരുതര രോഗമായുള്ളവർക്ക് കോവിഡ് ബാധിച്ചാൽ അവരെ മാത്രമേ ആശുപത്രി ചികിത്സ നൽകേണ്ട സാഹചര്യം നിലവിൽ ഉള്ളു എന്നും ഡോക്ടറായ മറിയം അൽ ഹിനായ് പറഞ്ഞു. കോവിഡ് ബാധിച്ചെത്തുന്നവരിൽ ഹൃദ്രാേഗികൾ, ഗർഭിണികൾ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവരെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നിലവിൽ കോവിഡ് സംശയിക്കുന്ന രോഗികൾ ഹെൽത്ത് സെന്ററുകളിൽ എത്തുമ്പാേൾ പ്രവേശന കവാടത്തിലെ ഹെൽത് ഡെസ്കിൽ അണുനശീകരണം നടത്തും. അതോടൊപ്പം രോഗിയോട് കൈ അണുനശീകരണം നടത്താൻ ആവശ്യപ്പെടുകയും ധരിക്കാൻ സർജിക്കൽ മാസ്ക് നൽകുകയും ചെയ്യും. കോവിഡ് കണ്ടെത്തിയാൽ ഹെൽത്ത് സെന്ററിലെഎെസാലേഷൻ മുറിയിലേക്ക് മാറ്റും. രോഗിയുടെ ആരോഗ്യനിലയും രോഗലക്ഷണങ്ങൾക്ക് അനുസൃതമായും ചികിത്സ നൽകും. പരിശോധന ഫലങ്ങൾ രണ്ടു ദിവസങ്ങൾക്കുള്ളിൽ ലഭ്യമാവും. രോഗം സമൂഹത്തെയും സാമ്പത്തിക വ്യവസ്ഥിതിയെയും ബാധിക്കാതിരിക്കാൻ ജനങ്ങൾ കൂടുതൽ മുൻകരുതലുകൾ എടുക്കണം ഡോക്ടറായ മറിയം അൽ ഹിനായ് ഓർമിപ്പിച്ചു.