അത്യാധുനിക ഹൈബ്രിഡ് സാങ്കേതിക വിദ്യയുമായി ഹോണ്ട അക്കോഡ് കാർ ഈ വർഷം ഒടുവിൽ ഇന്ത്യൻ വിപണിയിലെത്തുമെന്നു ഹോണ്ട കാർസ് ഇന്ത്യ സിഇഒയും പ്രസിഡന്റുമായ യോയിചിറോ യൂനോ. ആഡംബര കാറാണ് അക്കോഡ്. വിലയെക്കുറിച്ചും സാങ്കേതിക വിദ്യയെക്കുറിച്ചും ഇപ്പോൾ പറയാനാവില്ല.
പൊതുവിൽ, ഓരോ സെഗ്‍മെന്റിലെയും കാറുകളേക്കാൾ 20 ശതമാനം വരെ കൂടുതൽ വില നൽകേണ്ടിവരും, ഹൈബ്രിഡ് കാറുകൾക്ക്. കേരളത്തിൽ ഒൻപതു ശതമാനമാണു ഹോണ്ട കാറുകളുടെ വിപണി വിഹിതം. മുൻ വർഷത്തേക്കാൾ രണ്ടു ശതമാനം കൂടുതൽ. രാജ്യത്തെ ആദ്യ നാലു ബ്രാൻഡുകളിലൊന്നാണു ഹോണ്ട. ഏഴു ശതമാനം വിപണി വിഹിതം നേടാൻ കഴിഞ്ഞതായും രാജ്യത്ത് ഹോണ്ടയുടെ മുന്നൂറാമത്തെ ഷോറൂം ആലുവയിൽ ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു.
ഡീസൽ വാഹനങ്ങളാണ് അന്തരീക്ഷ മലിനീകരണത്തിനു കാരണമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ല. അതുകൊണ്ടു തന്നെ ഡീസൽ വാഹന വിലക്കു നീക്കിയതു സ്വാഗതാർഹമാണ്. കൂടുതൽ മോഡലുകൾ ഹോണ്ട ഇന്ത്യൻ വിപണിയിലെത്തിക്കും. മേയിൽ അവതരിപ്പിച്ച ബിആർ വി മികച്ച പ്രതികരണമാണു നേടുന്നത്. കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യ ഹോണ്ടയുടെ മികച്ച വിപണിയാണ്. ഹോണ്ടയുടെ വിൽപനയുടെ 34 ശതമാനവും ദക്ഷിണേന്ത്യയിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു.