മനാമ: ഇന്ത്യൻ സ്‌കൂളിൽ ദീർഘകാലമായി സേവനമർപ്പിക്കുന്ന അധ്യാപക-അനധ്യാപക ജീവനക്കാരുടെ മാതൃകാപരമായ സേവനത്തെ അംഗീകരിക്കുന്നതിനും അനുമോദിക്കുന്നതിനുമായി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നീണ്ട സേവനത്തിനിടയിൽ സ്‌കൂളിന് നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്ത് 53 അധ്യാപകരെ മെഡലുകളും സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും നൽകി ആദരിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച ഇസ ടൗൺ കാമ്പസിലെ സ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, അസി.സെക്രട്ടറി രഞ്ജിനി മോഹൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല, ബിജു ജോർജ്ജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് ,സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവർ പങ്കെടുത്തു. അധ്യാപകരുടെ അചഞ്ചലമായ അർപ്പണബോധത്തിനും സേവനത്തിനും അവർ അഭിനന്ദനം അറിയിച്ചു. ഇരു കാമ്പസുകളിലെയും മുഴുവൻ സ്റ്റാഫും ചടങ്ങിൽ പങ്കെടുത്തു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ അധ്യാപകരുടെ മികച്ച സേവനത്തിനു നന്ദി രേഖപ്പെടുത്തി. 1950 മുതൽ, കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇന്ത്യൻ സ്‌കൂളിന്റെ വിജയത്തിൽ ഇന്ത്യൻ സ്‌കൂളിലെ അർപ്പണബോധമുള്ള ഫാക്കൽറ്റി നൽകുന്ന സേവനത്തെ അദ്ദേഹം പ്രകീർത്തിച്ചു. സ്‌കൂളിന് വേണ്ടി നിരവധി വർഷത്തെ സമർപ്പണ സേവനമേകിയ പ്രിയപ്പെട്ട അധ്യാപക-അനധ്യാപക ജീവനക്കാരെ അവാർഡ് നൽകി ആദരിക്കുന്നതിൽ അഭിമാനമുണ്ട്. ഈ മഹത്തായ സ്ഥാപനത്തിനും വിദ്യാർത്ഥികൾക്കും അവർ നൽകുന്ന എല്ലാ സേവനത്തിനും ബിനു മണ്ണിൽ നന്ദി അറിയിച്ചു. ഇന്ത്യൻ സ്‌കൂൾ അധ്യാപകർ ഈ മഹത്തായ സ്ഥാപനത്തിന്റെ ഹൃദയവും ആത്മാവുമാണെന്ന് ബിനു മണ്ണിൽ പറഞ്ഞു. നേരത്തെ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സമ്മേളത്തിനു സ്വാഗതം പറഞ്ഞു. സ്ഥാപനത്തോടുള്ള അധ്യാപകരുടെ ശ്രദ്ധേയമായ അർപ്പണബോധത്തിന് പമേല സേവ്യർ നന്ദി അറിയിച്ചു. ധന്യ സുമേഷ്, മിനു റൈജീഷ് എന്നിവർ അവതാരകരായിരുന്നു.