മനാമ: ദേശഭേദമന്യേ നിരാലംബരും അശരണരുമായ പ്രവാസികൾക്ക് അത്താണിയായ ഹോപ്പ് ബഹ്‌റൈന്റെ പ്രവർത്തനം പവിഴദ്വീപിൽ അനസൂത്യം തുടരുന്നു.നിത്യവുമുള്ള സൽമാനിയ ആശുപത്രി സന്ദർശനത്തിലൂടെ നിരാലംബരായ അനേകം പ്രവാസികൾക്ക് വേണ്ട സഹായം എത്തിക്കുവാൻ ഹോപ്പിന് കഴിഞ്ഞിട്ടുണ്ട്.കൂടാതെ ഒന്നുമില്ലാതെ നാട്ടിലേക്ക് തിരിച്ചു പോകുന്ന പ്രവാസികൾക്ക് ഗൾഫ് കിറ്റും, സാലറി കിട്ടാതെയും ജോലി നഷ്ടപ്പെട്ട് ബുദ്ധി മുട്ടുന്ന സഹോദരങ്ങൾക്ക് ഫുഡ് കിറ്റ് ആയും, മരുന്നുകൾ വാങ്ങുവാൻ സാധിക്കാതെ വലയുന്നവര്‍ക്ക് മരുന്നുകൾ എത്തിച്ചു നൽകിയും ഹോപ്പ് ഈ പവിഴ ദ്വീപിൽ സാന്നിധ്യം ഉറപ്പിക്കുന്നു.നിരാലംബരായ പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനായി 2015 മുതൽ പവിഴ ദ്വീപിൽ പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ ബ്രോസ് & ബഡീസിന്റെയും ബഹ്‌റൈൻ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ ഇന്ന് (നവംബർ 30) വൈകുന്നേരം 07:00 മുതൽ പുലർച്ച 02:00 മണി വരെ റിഫ സ്പോര്‍ട്സ് ക്ലബിൽ വെച്ചു ഹോപ്പ് പ്രീമിയർ ലീഗ് 2023 9 ‘S Over Arm Soft Ball ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
FCC കോട്ടയം കൂട്ടായ്‌മ, തലശേരി ബഹ്‌റൈൻ ക്രിക്കറ്റ്, NEC ബഹ്‌റൈൻ, വോയിസ് ഓഫ് ആലപ്പി, മാറ്റ് ബഹ്‌റൈൻ (ത്രിശൂർ), യുണൈറ്റഡ് സി സി , പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, കൊല്ലം പ്രവാസി അസോസിയേഷൻ, ബഹ്‌റൈൻ പ്രതിഭ സി സി, വോയിസ് ഓഫ് ട്രിവാന്‍ട്രം,സംസ്‌ക്കാര ത്രിശൂർ, VSV വാരിയേഴ്സ് തുടങ്ങിയ 12 ടീമുകളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
വിജയികൾക്കും റണ്ണെഴ്സ് അപ്പിനും സമ്മാനത്തുകയും , ട്രോഫിയും നൽകുന്നതാണ്. കൂടാതെ മൂന്നും നാലാം സ്ഥാനക്കാർക്കും മറ്റും ട്രോഫികളും ഉണ്ടാകും.മുഹമ്മദ് അൻസാർ കൺവീനറും, സിബിൻ സലിം കോഓർഡിനേറ്ററും ആയി പ്രവർത്തിക്കുന്ന ഈ ടൂർണമെന്റിലേക്ക് ബഹ്‌റിനിലുള്ള എല്ലാ കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നു.കൂടുതൽ വിവരങ്ങൾക്ക് ഹോപ്പ് ബഹ്‌റൈൻ പ്രസിഡന്റ് ഫൈസൽ പട്ടാണ്ടിയുമായൊ (39363985) സെക്രട്ടറി ഷാജി ഇളമ്പയിലുമായോ (36621954) ബന്ധപ്പെടാവുന്നതാണ്.