ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി

ബഹ്‌റൈൻ : ടി ബി ബാധിധനാകുകയും ഒപ്പം കരളും കിഡ്നിയും തകരാറിൽ ആകുകയും ചെയ്തതിനെ തുടർന്ന് ദീർഘകാലമായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്‌തിരുന്ന കോതമംഗലം സ്വദേശി സന്തോഷിന് ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി.അഞ്ചുമാസം സൽമാനിയ ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരുന്ന ഇദ്ദേഹത്തിന് ട്രാവൻ ബാൻ നേരിട്ടിരുന്നു. ഒരു സ്വദേശിയുമായി ചേർന്ന് ചെറിയ കൺസ്ട്രക്ഷൻ വർക്കുകൾ ഏറ്റെടുത്ത് ചെയ്യാനാരംഭിച്ച ഇദ്ദേഹം കടക്കെണിയിലാവുകയായിരുന്നു. മെയ്‌ന്റനെൻസ് പണിക്ക് സാധനങ്ങൾ വാടകയ്‌ക്കെടുത്ത വകയിലും, വാടക കുടിശ്ശികയിലും മറ്റുമായി വലിയ സാമ്പത്തിക ബാധ്യത ഇദ്ദേഹം നേരിട്ടിരുന്നു. ഒന്നിലധികം യാത്രാവിലക്കുകളും മൂന്ന് കേസുകളും നേരിട്ടിരുന്നു. സാമൂഹികപ്രവർത്തകനായ K.T സലീമും പിന്നീട് പ്രവാസി ലീഗൽ സെല്ലും വിഷയത്തിൽ ഇടപെട്ടു. കഴിഞ്ഞ ദിവസം വീൽ ചെയർ സഹായത്തോടെ തുടർചികിത്സയ്ക്ക് ഇദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങി. പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ പ്രെസിഡന്റ് സുധീർ തിരുനിലത്തിന്റെ നിരന്തര ശ്രമഫലമായാണ് ഇദ്ദേഹത്തിന്റെ യാത്ര സാധ്യമായത്.ഹോപ്പിൻറെ ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽ പെട്ട ഇദ്ദേഹത്തിന്റെ അവസ്ഥ സാമൂഹികപ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. നാട്ടിലേയ്ക്കുള്ള യാത്രവരെ ഹോപ്പ് ഹോസ്പിറ്റൽ വിസിറ്റ് ടീം അംഗങ്ങളായ സാബു ചിറമേൽ, ഫൈസൽ പാട്ടാണ്ടി, മുഹമ്മദ് റഫീഖ്, ഷാജി ഇളമ്പിലായി, അഷ്‌കർ പൂഴിത്തല എന്നിവർ ആവശ്യമായ സഹായങ്ങൾ നൽകി. ഹോപ്പിന്റെ ചികിത്സാ സഹായമായി INR 70,000.00 എക്സിക്യൂട്ടീവ് അംഗം ഷിജു സി പി കോർഡിനേറ്റർ സാബു ചിറമേലിന്‌ കൈമാറി. സഹായതുക അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചുനൽകി. ഇദ്ദേഹത്തെ പരിചരിച്ച സൽമാനിയ ഹോസ്പിറ്റലിലെ മെഡിക്കൽ ടീമിനും, നാട്ടിലേയ്ക്കുള്ള യാത്ര സാധ്യമാക്കിയ സാമൂഹിക പ്രവർത്തകർക്കും, ഇന്ത്യൻ എംബസിക്കും, ഹോപ്പിനെ കൂടാതെ സഹായം നൽകിയ വോയ്‌സ് ഓഫ് ബഹ്‌റൈൻ, മലയാളി മനസ്, കണ്ണൂർ ഫ്രണ്ട്‌സ് തുടങ്ങിയ കൂട്ടായ്‌മകൾക്കും സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ഹോപ്പിന്റെ ഭാരവാഹികൾ അറിയിച്ചു.