ഷുക്കൂറിനും കുടുംബത്തിനും ഹോപ്പിന്റെ കാരുണ്യസ്പര്‍ശം

ബഹ്‌റൈൻ : ദേശഭേദമന്യേ നിരാലംബരും അശരണരുമായ പ്രവാസികൾക്ക് വേണ്ടിയുള്ള ഹോപ്പ് ബഹ്‌റൈന്റെ പ്രവർത്തനം അനസ്യുതം തുടരുകയാണ്.നിത്യെനയുള്ള സൽമാനിയ ആശുപത്രി സന്ദർശനത്തിലൂടെ നിരാലംബരായ അനേകം പ്രവാസികൾക്ക് വേണ്ട സഹായം എത്തിക്കുവാൻ ഹോപ്പിന് കഴിഞ്ഞിട്ടുണ്ട്.കൂടാതെ വെറും കയ്യോടെ നാട്ടിലേക്ക് തിരിച്ചു പോകുന്ന പ്രവാസികൾക്ക് ഗൾഫ് കിറ്റും, സാലറി കിട്ടാതെയും ജോലി നഷ്ടപ്പെട്ട് ബുദ്ധി മുട്ടുന്ന സഹോദരങ്ങൾക്ക് ഫുഡ് കിറ്റ് ആയും, മരുന്നുകൾ വാങ്ങുവാൻ സാധിക്കാതെ വലയുന്നവര്‍ക്ക് മരുന്നുകൾ എത്തിച്ചു നൽകിയും ഹോപ്പ് ഈ പവിഴ ദ്വീപിൽ സജീവ സാന്നിധ്യം ഉറപ്പിക്കുന്നു.അങ്ങനെ ഹോപ്പ് ടീമിന്റെ പതിവു സൽമാനിയ ആശുപത്രി സന്ദർശനത്തിനിടയ്ക്കാണ് പ്രമേഹം കൂടി വിരലുകൾ മുറിച്ചുമാറ്റിയ അവസ്ഥയിൽ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിയായ ഷുക്കൂർ എന്ന സഹോദരനെക്കുറിച്ചറിയുന്നത്.ലോൺഡ്രി തൊഴിലാളിയായി തുച്ഛ വേതനത്തിന് ജോലി ചെയ്തിരുന്ന ഷുക്കൂറിനു നാല് ഓപ്പറേഷനുകൾ നടത്തി കാൽവിരലുകൾ നീക്കം ചെയ്‌തെങ്കിലും വൃണം ഉണങ്ങാത്തതിനെ തുടർന്ന് അദ്ദേഹം തീരാ ദുരിതത്തിൽ ആയിരുന്നു.അസുഖത്തിന്റെ തീരാവേദനക്കിടയിലും അദ്ദേഹത്തെ അലട്ടിയിരുന്നത് സ്‌കൂളിൽ പഠിക്കുന്ന തന്റെ കുഞ്ഞുങ്ങൾക്ക് (മൂന്നു പെൺകുട്ടികൾ)കയറി കിടക്കാൻ ഒരു വീടുപോലും ഇല്ല എന്ന അവസ്ഥ ആയിരുന്നു. സ്വന്തമായി വീടില്ലാതെ സഹോദരിയുടെ വാടകവീട്ടിൽ അവർക്കൊപ്പം കഴിയുന്ന മക്കൾക്കൊരു കൂര എന്ന ഷുക്കൂറിന്റെ  ആഗ്രഹം നടത്തിക്കൊടുക്കണം എന്ന ആഗ്രഹത്തോടെ, ആ കുടുംബത്തിനുവേണ്ടി നാട്ടിലും ബഹ്‌റൈനിലും കൈകോർത്തവരെ ഏകോപിപ്പിച്ചുകൊണ്ട്, ഹോപ്പ് അംഗങ്ങൾക്കൂടി ഉൾപ്പെടുന്ന ഒരു സഹായകമ്മറ്റി രൂപീകരിക്കുകയായിരുന്നു.കുടുംബത്തിനുവേണ്ടി ഹോപ്പ് സമാഹരിച്ച തുകയായ മൂന്നു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ ഹോപ്പ് പ്രസിഡന്റ് സാബു ചിറമേൽ ഹോപ്പ് രക്ഷാധികാരിയും ഷുക്കൂർ സഹായനിധിയുടെ കൺവീനറുമായ ഷബീർ മാഹിക്ക് കൈമാറി.മറ്റു പല സാമൂഹ്യ സംഘടനകളുടെ പിന്തുണയൊടെ ആ പിഞ്ചോമനകൾക്ക് സ്വന്തം പേരിൽ  ഭൂമിയും ഒരു വീടും എന്ന വലിയ ഒരു ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് . ഉദ്യമത്തിൽ സഹായിച്ച എല്ലാ സുമനസ്സുകൾക്കും ഹോപ്പ് ഭാരവാഹികൾ നന്ദി അറിയിച്ചു.