മനാമ: ബഹ്‌റൈനിൽ നിന്നും പ്രവാസികളെ നാട്ടിലെത്തിക്കാൻ വിമാന സർവീസ് വർധിപ്പിക്കാത്ത അധികൃതരുടെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഐ സി എഫ് ബഹ്‌റൈൻ അഭിപ്രായപ്പെട്ടു.
മെയ് 8 നു കൊച്ചിയിലേക്കും 11നു കോഴിക്കോട്ടേക്കും എയർ ഇന്ത്യ ഓരോ സർവീസ് വീതം നടത്തിയത് പ്രവാസികൾക്ക് അല്പം ആശ്വാസം ഏകിയിരുന്നു. എന്നാൽ കേരളത്തിലേക്കുള്ള അടുത്ത വിമാന സർവീസ് മെയ് 22 നാണെന്ന അറിയിപ്പ് വന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ വിമാന സർവീസുകൾ വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രവാസികൾക്ക് കടുത്ത നിരാശയാണ് പുതിയ തീരുമാനം സമ്മാനിക്കുന്നത്. കഠിന രോഗികളും ഗർഭിണികളും ജോലി നഷ്ടപ്പെട്ടവരും സന്ദർശക വിസയിൽ വന്നവരും കുട്ടികളും അടങ്ങുന്ന പതിനായിരത്തിൽ ഏറെ പേരാണ് ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയിൽ പേർ രജിസ്റ്റർ ചെയ്തു പെട്ടെന്നുള്ള യാത്രക്കായി കാത്തിരിക്കുന്നത്. ഇവരിൽ ടിക്കറ്റ് എടുക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരെ സഹായിക്കാൻ പല വ്യക്തികളും സംഘടനകളും മുൻപോട്ട് വന്നിരുന്നു. പക്ഷെ നാടണയാനുള്ള പ്രവാസികളുടെ മോഹങ്ങൾ തല്ലിക്കെടുത്തുന്ന നീക്കങ്ങളാണ് അധികൃതരിൽ നിന്നും ഉണ്ടായിരിക്കുന്നത്. അടിയന്തിര സാഹചര്യം മാനിച്ചു ദിനേന ഒരു ഫ്ലൈറ്റ് എന്ന രീതിയിൽ വിമാന സർവീസ് വർധിപ്പിക്കണമെന്നും വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്നും ഐ സി എഫ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.