ഐ സി എഫ് അനുശോചനം രേഖപ്പെടുത്തി

മനാമ,ബഹ്‌റൈൻ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫയുടെ വിയോഗത്തിൽ ബഹ്‌റൈൻ ഐ സി എഫ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ആധുനിക ബഹ്‌റൈനിന്റെ നിർമ്മിതിയിൽ നിസ്തുലമായ പങ്ക് വഹിച്ച അദ്ദേഹം പ്രജാവത്സലനും പ്രവാസി സമൂഹത്തോട് വലിയ അനുകമ്പ കാണിച്ച ഭരണാധികാരിയുമായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ ബഹ്‌റൈൻ രാജകുടുംബത്തിനും ജനങ്ങൾക്കും ഉണ്ടായിട്ടുള്ള ദുഃഖത്തിൽ പങ്കു ചേരുന്നു- ഐ സി എഫ് അനുശോചനകുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാളെ വ്യാഴം രാത്രി എല്ലാ ഐ സി എഫ് കേന്ദ്രങ്ങളിലും പ്രാർത്ഥനാസദസ്സുകൾ സംഘടിപ്പിക്കുമെന്നും ഐ സി എഫ് നേതാക്കൾ വ്യക്തമാക്കി.

ശൈഖ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും ഓൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാരും ദുഖവും അനുശോചനവും രേഖപ്പെടുത്തി. ബഹ്‌റൈൻ എന്ന കൊച്ചു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും പ്രവാസികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമാക്കുകയും ചെയ്ത നന്മ നിറഞ്ഞ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നു കാന്തപുരം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആദരണീയരായ ബഹ്‌റൈൻ ഭരണകൂടത്തിനും ജനതക്കും ഉണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും സർവ്വശക്തൻ അദ്ദേഹത്തിന്റെ പാരത്രികജീവിതം സന്തോഷത്തിൽ ആക്കട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.