പ്രവാസം_അതിജയിക്കും ഐ സി എഫ് ഹാഷ്ടാഗ് ക്യാമ്പയിൻ ബഹ്‌റൈൻ തല ഉദ്ഘാടനം

മനാമ : കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രവാസികളിൽ ആത്മധൈര്യവും ശുഭാപ്തി വിശ്വാസവും വർധിപ്പിക്കുകയും ബോധവൽക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യവുമായി ‘പ്രവാസം അതിജയിക്കും’ എന്ന ശീർഷകത്തിൽ ഐ സി എഫ് ഗൾഫിലുടനീളം സംഘടിപ്പിക്കുന്ന ഹാഷ്ടാഗ് ക്യാമ്പയിനിന്റെ ബഹ്‌റൈൻ തല ഉദ്ഘാടനം നാളെ (15/06/2020) തിങ്കൾ രാത്രി 8 മണിക്ക് (ബഹ്‌റൈൻ സമയം) ഓൺലൈനിൽ നടക്കും. ബഹു. കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും.

പ്രവാസം ആരംഭിച്ചത് മുതൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണിപ്പോഴുള്ളതെങ്കിലും പ്രവാസികൾക്ക് കൈത്താങ്ങായി പ്രാദേശിക ഗൾഫ് ഭരണകൂടങ്ങളും ഐ സി എഫ് അടക്കമുള്ള വിവിധ സാമൂഹ്യസംഘടനകളും രംഗത്തുണ്ട്. കേരളത്തിൽ ഏതെങ്കിലും രീതിയിൽ കഷ്ടത അനുഭവിക്കുന്നവരുണ്ടെങ്കിൽ അത്തരം കുടുംബങ്ങളെ സഹായിക്കാൻ വിവിധ പ്രസ്ഥാനങ്ങളും രംഗത്തുണ്ട്. പ്രവാസി കുടുംബങ്ങൾക്കായി നാട്ടിൽ മുസ്ലിം ജമാഅത്തിന്റെ മേൽനോട്ടത്തിൽ എസ്.വൈ.എസ് സാന്ത്വനം കമ്മറ്റികൾ മുഖേന ചെയ്യുന്ന ഭക്ഷണം-മരുന്ന് വിതരണം, ആശുപത്രി സഹായങ്ങൾ എന്നിവ എല്ലാ ജില്ലകളിലും വിതരണം ചെയ്യുന്നുണ്ട്. ഈ സാഹചര്യങ്ങളിലൊന്നും ആത്മവിശ്വാസം നഷ്ടപ്പെടാതെ പിടിച്ചുനിൽക്കാൻ പ്രവാസികൾക്കാവണം. ഈ കാലവും കടന്ന് പ്രവാസലോകം അതിജയിക്കുകയും ശക്തിപ്പെടുകയും ചെയ്യുമെന്ന ആത്മവിശ്വാസം വളർത്തുകയാണ് കാമ്പയിൻ ലക്ഷ്യമാക്കുന്നത്.
നാടിന്റെ ആത്മാഭിമാനം കാക്കാൻ ഇറങ്ങിത്തിരിച്ചവരാണ് പ്രവാസികൾ. അവരുടെ ഏത് തരത്തിലുള്ള ബലക്ഷയവും നമ്മുടെ നാടിൻ്റെ തകർച്ചയാണ്. പ്രവാസലോകം പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ പ്രവാസികളിൽ ധൈര്യവും ആത്‍മബലവും വളർത്താൻ ക്യാമ്പയിൻ സഹായകമാകും. സോഷ്യൽ മീഡിയ കാർഡുകൾ, കുറിപ്പുകൾ, ഓൺലൈൻ സംവാദങ്ങൾ, പ്രമുഖരുടെ വീഡിയോ ക്ലിപ്പുകൾ തുടങ്ങി വിവിധ പരിപാടികൾ ഇതിൻ്റെ ഭാഗമായി നടക്കും.
മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ പറവൂർ, ഒ ഐ സി സി ബഹ്‌റൈൻ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ഐ സി എഫ് ജി സി അഡ്മിൻ സെക്രട്ടറി ശരീഫ് കാരശ്ശേരി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.