ഇടുക്കി-കോട്ടയം-പത്തനംതിട്ട തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ബഹ്‌റൈൻ : പ്രതിഭയും “ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ” ബഹ്‌റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും ചേർന്ന് L.D.F ഇടുക്കി-കോട്ടയം-പത്തനംതിട്ട ലോക്സഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.ലോക കേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി വി നാരായണൻ ഉൽഘാടനം ചെയ്ത കൺവെൻഷന് പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ അദ്ധ്യക്ഷത നിർവഹിച്ചു. സംഘപരിവാര ശക്തികൾ ഇന്ത്യയുടെ മതേതരത്വവും ഭരണഘടനാ അവകാശങ്ങളും ജനാധിപത്യ രീതിയും ഒന്നൊന്നായി ഇല്ലാതാക്കുകയാണ്. നഷ്ടപ്പെടുന്നവ തിരികെ പിടിക്കാൻ ഏറ്റവും വലിയ ഉപകരണമാണ് ജനാധിപത്യത്തിലെ വോട്ട് ‘ ആ അവകാശം പൗരന്മാർ അവധാനതയോടെ ഉപയോഗിക്കേണ്ടതുണ്ടെന്ന് ഉത്ഘാടകൻ ചൂണ്ടികാണിച്ചു.. ലോകത്തിന് പൊതുവെയും ഇന്ത്യയ്ക്കു പ്രത്യേകിച്ചും മാതൃകയായി നിൽക്കുന്ന കേരളത്തിലെ ബദൽ സംവിധാനങ്ങളെ ഇല്ലാതാക്കാൻ കേന്ദ്രഭരണം കൈയാളുന്ന ബി.ജെ.പി പ്രഭൃതികൾ ചെയ്യുന്ന വൃത്തികെട്ട നിലപാടുകൾക്കെതിരെയുള്ള താക്കീതായി ഇരുപത് ലോകസഭ സീറ്റുകളിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾ വിജയിക്കേണ്ടതുണ്ടെന്നും സി വി നാരായണൻ ഓർമ്മിപ്പിച്ചു.ഇടുക്കി-കോട്ടയം-പത്തനംതിട്ട മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഓൺലൈനിലൂടെ കൺവെൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രതിഭ കേന്ദ്ര കമ്മറ്റി അംഗം പ്രദീപ് പതേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, എൻ സി പി ബഹ്‌റൈൻ ഭാരവാഹി ഫൈസൽ എഫ് എം, ഐ എൻ എൽ ബഹ്‌റൈൻ ഭാരവാഹി മൊയ്‌തീൻകുട്ടി പുളിക്കൽ, നവകേരള പ്രതിനിധി അസീസ് ഏഴംകുളം എന്നിവർ അഭിസംബോധന ചെയ്‌തു സംസാരിച്ചു. ഇടതുപക്ഷ കൂട്ടായ്‌മ കൺവീനറും പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗവുമായ സുബൈർ കണ്ണൂർ നന്ദി രേഖപ്പെടുത്തി.