റിയാദ്: സൗദി അറേബ്യയില്‍ നിങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്ഉള്ളവരാണോ എങ്കില്‍ ഒരു കാര്യം അറിയേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം നിങ്ങള്‍ നിയമം ലംഘിച്ചായിരിക്കും വാഹനം ഓടിക്കുന്നുണ്ടാവുക. നിങ്ങളുടെ കൈയിലുള്ള ലൈസന്‍സ് ശരിയായ രീതിയില്‍ നിരീക്ഷിക്കുകയാണെങ്കില്‍, അതില്‍ ‘restr’ എന്ന് തുടങ്ങുന്ന ഒരു കോഡ് നമ്പര്‍ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഇത് ‘നിയന്ത്രണ കോഡ്’ ആണ്. അഥവാ ഒരു ഡ്രൈവര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് എപ്പോള്‍ ഡ്രൈവ് ചെയ്യാം, ഏത് തരം വാഹനം ഓടിക്കാം, വാഹനം ഓടിക്കുമ്പോള്‍ നിര്‍ബന്ധമായും പാലിക്കേണ്ട നിബന്ധകള്‍ ഏതൊക്കെ എന്നിങ്ങനെയുള്ള നിര്‍ദ്ദിഷ്ട നിയന്ത്രണങ്ങള്‍ നിര്‍ണ്ണയിക്കുന്ന കോഡാണിത്. ഈ കോഡില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ പാലിക്കാതെ വാഹനം ഓടിക്കുന്നത് ലൈസന്‍സ് നിയമത്തിന്‍റെ ലംഘനമായാണ് കണക്കാക്കുക.
സൗദി അറേബ്യയിലെ ഡ്രൈവിങ് ലൈസന്‍സുകളില്‍ ലൈസന്‍സ് ഉടമയുടെ പേര്, ലൈസന്‍സ് നമ്പര്‍, ജനനതീയതി, ലൈസന്‍സ് ഇഷ്യൂ ചെയ്ത തീയതി, കാലഹരണപ്പെടുന്ന തീയതി, പ്രത്യേക കാറ്റഗറി (പ്രൈവറ്റാണോ ടാക്‌സിയാണോ തുടങ്ങിയവ), രാജ്യം, രക്തഗ്രൂപ്പ് എന്നിവയ്ക്കു ശേഷം ഏറ്റവും അവസാനമായാണ് നിയന്ത്രണ കോഡ് ഉണ്ടാവുക.
പൊതുവെ ഒമ്പത് വ്യത്യസ്ത നിയന്ത്രണ കോഡുകളാണ് ലൈസന്‍സില്‍ ഉണ്ടാവാറ്. ഓരോ കോഡിനും അതിന്‍റേതായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
- കോഡ് 0:ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ കോഡുള്ളവര്‍ക്ക് ഏത് സമയത്തും എവിടെയും ഏത് വാഹനവും ഓടിക്കാം.
- കോഡ് 1:ഓട്ടോമാറ്റിക് കാറുകള്‍ മാത്രം – ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള വാഹനങ്ങള്‍ മാത്രമേ ഈ ലൈസന്‍സുള്ളവര്‍ ഓടിക്കാവൂ എന്നതാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്.
- കോഡ് 2:കൃത്രിമ ഉപകരണം ആവശ്യമാണ് – സുരക്ഷിതമായി വാഹനം ഡ്രൈവ് ചെയ്യാന്‍ ഒരു ബാഹ്യ ഉപകരണമോ അല്ലെങ്കില്‍ ഇംപ്ലാന്‍റ് ചെയ്ത ഉപകരണമോ ആവശ്യമാണ് എന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
- കോഡ് 3:കറക്റ്റീവ് ലെന്‍സുകള്‍ ആവശ്യമാണ് – കണ്ണിന് കാഴ്ചാ പ്രശ്‌നങ്ങളുള്ള വ്യക്തിയെന്ന നിലയില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഗ്ലാസുകളോ കോണ്‍ടാക്റ്റ് ലെന്‍സുകളോ ധരിക്കണം എന്നാണ് ഈ കോഡ് അര്‍ഥമാക്കുന്നത്. ഇവയില്ലാതെ ഡ്രൈവ് ചെയ്യുന്നത് നിയമവിരുദ്ധമായാണ് പരിഗണിക്കപ്പെടുക.
- കോഡ് 4:പകല്‍ ഡ്രൈവിങ് മാത്രം – ഈ കോഡ് നമ്പറുള്ള ലൈസന്‍സ് ഉമടകള്‍ക്ക് പകല്‍ സമയത്ത് മാത്രമേ ഡ്രൈവ് ചെയ്യാന്‍ അനുവാദമുള്ളൂ. സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയില്‍ ഇവര്‍ വാഹനം ഡ്രൈവ് ചെയ്യുന്നത് നിയമവിരുദ്ധമായി കണക്കാക്കപ്പെടും.
- കോഡ് 5:ശ്രവണസഹായി ആവശ്യമാണ് – കേള്‍വി പ്രശ്‌നങ്ങളുള്ള ആളാണെന്നും ഇയാള്‍ വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രവണസഹായി ഉപയോഗിക്കണമെന്നും ഇത് വ്യക്തമാക്കുന്നു.
- കോഡ് 6:ഡ്രൈവിങ് സൗദി അറേബ്യയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു – ഈ കോഡ് നമ്പറുള്ള ലൈസന്‍സാണെങ്കില്‍ അതിന്‍റെ ഉടമയക്ക് സൗദി അതിര്‍ത്തിക്ക് ഉള്ളില്‍ മാത്രമേ വാഹനം ഓടിക്കാന്‍ പറ്റൂ. അവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് വാഹനവുമായി പോവാന്‍ അനുവാദമില്ല.
- കോഡ് 7:ഡിസേബിള്‍ഡ് ഡ്രൈവര്‍/ഭിന്നശേഷിക്കാരനായ ഡ്രൈവര്‍ – ഡ്രൈവര്‍ ഭിന്നശേഷിക്കാരനാണെന്നും ഇദ്ദേഹത്തിന് വാഹനം ഓടിക്കാന്‍ ബ്രേക്ക് ഉള്‍പ്പെടെയുള്ള സംവിധാനം കൈകളില്‍ നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയിലുള്ള പ്രത്യേക സംവിധാനങ്ങള്‍ ആവശ്യമാണെന്നാണ് ഇതിലൂടെ അര്‍ഥമാക്കുന്നത്.
- കോഡ് 8:സ്വകാര്യ ഉപയോഗത്തിന് മാത്രം – ഈ കോഡോടു കൂടിയ ലൈസന്‍സ് ഉള്ളവര്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമേ ഓടിക്കാന്‍ പറ്റുകയുള്ളൂ. ഇവര്‍ക്ക് ടാക്‌സി വാഹനങ്ങളോ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങളോ ഉപയോഗിക്കാന്‍ കഴിയില്ല.