നിയമവിരുദ്ധ ഉള്ളടക്കം; നെറ്റ്ഫ്ലിക്സിന് എതിരെ കുവൈറ്റും

കുവൈറ്റ് സിറ്റി: ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ‘നെറ്റ്ഫ്ലിക്സ്’ഇസ്‌ലാമിക മൂല്യങ്ങളെ അവഹേളിക്കുന്ന ഉള്ളടക്കം നീക്കംചെയ്യണമെന്ന ഗൾഫ് രാജ്യങ്ങളുടെ ആവശ്യത്തിനൊപ്പം കുവൈത്തും. ഈ നീക്കത്തെ പിന്തുണയ്ക്കുന്നതായി കുവൈറ്റ് അറിയിച്ചു.

ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥനയുമായി നെറ്റ്ഫ്ലിക്സ് എത്രത്തോളം പൊരുത്തപ്പെടുമെന്ന് കുവൈറ്റ് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഇൻഫർമേഷൻ മന്ത്രാലയത്തിന്റെയും കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയുടെയും സംയുക്ത പ്രസ്താവനയിൽ പറയുന്നു. അനുചിതമായ ഏതൊരു ഉള്ളടക്കവും കർശനമായി നിരോധിക്കും. ഗൾഫ് രാജ്യങ്ങളുടെ ആവശ്യം നിറവേറ്റിയില്ലെങ്കിൽ നെറ്റ്ഫ്ലിക്സ് നിയമനടപടി നേരിടേണ്ടിവരുമെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ നെറ്റ്ഫ്ലിക്സിന് ഗൾഫ് രാജ്യങ്ങളുടെ സംയുക്ത യോഗം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ജി.സി.സി രാജ്യങ്ങളുടെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ സമ്മേളിച്ചാണ് ആവശ്യമുന്നയിച്ചത്. ഗൾഫ് രാജ്യങ്ങളുടെ മാധ്യമചട്ടങ്ങൾക്ക് യോജിക്കാത്ത ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നെറ്റ്ഫ്ലിക്സിനോട് അവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് സമിതി വ്യക്തമാക്കി.

സാമൂഹികമൂല്യങ്ങൾക്കും ഇസ്‍ലാമികമൂല്യങ്ങൾക്കും നിരക്കാത്ത ഉള്ളടക്കം നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്നുണ്ട്. കുട്ടികൾക്ക് എന്ന പേരിൽ നൽകുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുണ്ട്. അവ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സ് ഉടൻ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.