സൗദി അറേബ്യ : വിദേശ തൊഴിലാളികളുടെ തൊഴിൽ പരിജ്ഞാനവും നൈപുണ്യവും ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടുള്ള പ്രൊഫഷനൽ ടെസ്റ്റ് പ്രോഗ്രാമിൽ കൂടുതൽ തൊഴിലുകൾ ഉൾപ്പെടുത്തിയതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ പ്രൊഫഷനൽ വെരിഫിക്കേഷൻ പ്രോഗ്രാം അറിയിച്ചു. ആകെ 120 തൊഴിലുകൾ വരുന്ന ആറു സ്‌പെഷ്യാലിറ്റികളാണ് പ്രോഗ്രാമിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. എയർ കണ്ടീഷനിംഗ്, വെൽഡിംഗ്, ആശാരിപ്പണി, കാർ മെക്കാനിക്, കാർ ഇലക്ട്രിക്, പെയിന്റിംഗ് എന്നീ സ്‌പെഷ്യാലിറ്റികളാണ് പുതുതായി തൊഴിൽ യോഗ്യതാ ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സൗദി ഒക്യുപേഷനൽ ക്ലാസിഫിക്കേഷൻ അനുസരിച്ച് എട്ടു സ്‌പെഷ്യാലിറ്റികളിൽ പെടുന്ന 225 തൊഴിലുകൾ പ്രൊഫഷനൽ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി മാറി. സൗദിയിൽ 23 സ്‌പെഷ്യാലിറ്റികളിൽ പെട്ട 1,099 തൊഴിലുകൾ നിർവഹിക്കുന്നവർക്ക് തൊഴിൽ യോഗ്യതാ ടെസ്റ്റ് നിർബന്ധമാക്കാനാണ് തീരുമാനം. പുതുതായി പദ്ധതിയിൽ ഉൾപ്പെടുത്തിയ ആറു സ്‌പെഷ്യാലിറ്റികൾക്കു കീഴിലെ 120 തൊഴിലുകളിൽ അടുത്ത സെപ്റ്റംബർ ഒന്നു മുതൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കും. അടുത്ത വർഷാദ്യത്തോടെ മുഴുവൻ തൊഴിലുകളും പദ്ധതിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. മൂവായിരവും അതിൽ കൂടുതലും ജീവനക്കാരുള്ള വൻകിട സ്ഥാപനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ പ്രൊഫഷനൽ ടെസ്റ്റ് പ്രോഗ്രാം നിർബന്ധമാക്കിയത്. ഈ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്ക് ജൂലൈ ആദ്യം മുതൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി.
സൗദിയിൽ വിദേശ തൊഴിലാളികൾക്ക് പ്രൊഫഷനൽ ടെസ്റ്റ് പ്രോഗ്രാമിൽ കൂടുതൽ തൊഴിലുകൾ ഉൾപ്പെടുത്തി
By : Mujeeb Kalathil