‘ഇന്ത്യ@75’: കെഎംസിസി ബഹ്‌റൈന്‍ സ്വാതന്ത്ര്യ ദിനാഘോഷം

ബഹ്‌റൈൻ : ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി, ഇന്ത്യയുടെ ആത്മാഭിമാനം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച്, നമ്മുടെ പൂര്‍വികര്‍ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ 75 ാം വര്‍ഷിക ആഘോഷത്തിലാണ് നാമെല്ലാവരും. ഒരുകാലത്ത് സാമ്രാജത്വ ശക്തികള്‍ക്കെതിരെ ജാതിമതഭേദമന്യേ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നിലകൊണ്ടതിന്റെ തണലാണ് സ്വാതന്ത്ര്യമായി നാം ഇന്ന് അനുഭവിക്കുന്നത്.

ഏതൊരു ഭാരതീയനും അഭിമാനമേകുന്ന സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി, നമുക്ക് വേണ്ടി ജീവന്‍ ത്യജിച്ചവരെയും ചരിത്രത്താളുകളില്‍ ഒതുങ്ങിപ്പോയ സംഭവവികാസങങ്ങൾ ഓര്‍ത്തെടുക്കാനും സ്വാതന്ത്ര്യത്തിന്റെ മാധുര്യം പങ്കുവയ്ക്കാനുമുള്ള വേദിയൊരുക്കുകയാണ് കെഎംസിസി ബഹ്‌റൈന്‍. ഇന്ത്യന്‍ എംബസിയുടെ ‘ഇന്ത്യ@75’ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് കെഎംസിസി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 13ന് സ്വാതന്ത്ര്യദിന പ്രഭാഷണം സംഘടിപ്പിക്കുന്നത്. വൈകിട്ട് 6.30ന് സൂം വഴി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സംഗമത്തില്‍ എംപിയും പ്രമുഖ വാഗ്മിയുമായ ഡോ. എംപി അബ്ദുല്‍ സമദ് സമദാനി സ്വാതന്ത്ര്യ ദിന പ്രഭാഷണം നിര്‍വഹിക്കും. കെഎംസിസി നേതാക്കള്‍, മറ്റ് പ്രമുഖര്‍ പങ്കെടുക്കും. ഇന്നലെകളിലെ ഇന്ത്യയെ ഓര്‍ത്തെടുക്കുന്ന പ്രസ്തുത സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു..