ഇന്ത്യ-സൗദി വൈദ്യുതി മേഖലയില്‍ സഹകരണ കരാറില്‍ ഒപ്പുവച്ചു

റിയാദ്: സൗദി – ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന് കീഴിലുള്ള സാമ്പത്തിക, നിക്ഷേപ സമിതിയുടെ രണ്ടാമത്തെ മന്ത്രിതല യോഗം റിയാദില്‍ നടന്നു. സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.കൂടിക്കാഴ്ചയില്‍, സൗദി നാഷണല്‍ ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ കമ്പനിയും സെന്‍ട്രല്‍ ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റി ഓഫ് ഇന്ത്യയും തമ്മില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വൈദ്യുത മേഖലയില്‍ പരസ്പര സഹകരണത്തിന്റെ സാധ്യത പഠിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. സൗദി-ഇന്ത്യന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്‍റെ സാമ്പത്തിക- നിക്ഷേപക കമ്മിറ്റിയുടെ മിനുട്സിലും മന്ത്രി പിയൂഷ് ഗോയലും അബ്ദുല്‍ അസീസ് രാജകുമാരനും ഒപ്പുവച്ചു.2023 ല്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ ഫലവത്തായ മാറ്റങ്ങള്‍ക്ക് നിമിത്തമായതായി സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജുമാരന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്ത കൗണ്‍സിലിന്‍റെ ആദ്യ യോഗത്തിന് ആ സന്ദര്‍ശനം സാക്ഷ്യം വഹിച്ചതായും അദ്ദേഹം പറഞ്ഞു.

വ്യവസായം, അടിസ്ഥാന സൗകര്യം, സാങ്കേതികവിദ്യ, കൃഷി, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ ശാസ്ത്രം, സുസ്ഥിര ഗതാഗതം, പൊതുഗതാഗത ബസ് സംവിധാനങ്ങള്‍, നഗര ഗതാഗതം ശക്തിപ്പെടുത്തല്‍ തുടങ്ങിയ മേഖലകളിലെ സംയുക്ത സംഘങ്ങളുടെ പ്രവര്‍ത്തന പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു.