മസ്കറ്റ് : സൈനിക രംഗത്തെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാനിൽ സന്ദർശനം നടത്തിയ ഇന്ത്യയുടെ എയർ ചീഫ് മാർഷൽ രാകേഷ് സിങ് ഭദൗരിയയ്ക്ക് ഊഷ്മള വരവേൽപ്. റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുമാനിയുമായി അദ്ദേഹം മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഒമാൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് അൽ ബുസൈദിയുമായും കൂടിക്കാഴ്ച നടത്തി.രാകേഷ് സിങ്ങിനൊപ്പം വ്യോമസേനയിലെ ഉന്നതതല സംഘവുമുണ്ട്.ഇന്ത്യൻ വ്യോമസേനയും റോയൽ എയർഫോഴ്സ് ഓഫ് ഒമാനും പല മേഖലകളിലും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.കടൽക്കൊള്ളക്കാരെ നേരിടുന്നതിനടക്കമുള്ള തന്ത്രപ്രധാന സഹകരണത്തിനുള്ള ധാരണാപത്രത്തിൽ 2016 മേയിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു.തുടർന്ന് ഉന്നതതല സൈനികസംഘങ്ങളും പ്രതിരോധ വിദഗ്ധരും പരസ്പരം സന്ദർശനം നടത്തുന്നുണ്ട്. സംയുക്ത സൈനിക പരിശീലനവും ഇടയ്ക്കിടെ നടത്തുന്നു.കടലിലെ രക്ഷാദൗത്യങ്ങൾ, നിരീക്ഷണം,എണ്ണച്ചോർച്ച കണ്ടെത്തൽ തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകിയുള്ള സംയുക്ത പരിശീലന പരിപാടികളുടെ ഭാഗമായി ഇന്ത്യൻ തീരദേശ സേനയുടെ കപ്പൽ (ഐസിജിഎസ്) വിക്രം കഴിഞ്ഞ ഡിസംബറിൽ ഒമാൻ തീരത്ത് എത്തിയിരുന്നു.സൈനിക,പ്രതിരോധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ സംയുക്ത സൈനിക സഹകരണ സമിതിക്കു രൂപം നൽകിയിട്ടുണ്ട്.ഇരുരാജ്യങ്ങളും തമ്മിൽ സൈനിക സഹകരണത്തിന് 2005 മുതൽ ധാരണയുണ്ട്. 2016ൽ കരാർ പുതുക്കി. സമുദ്രസുരക്ഷയ്ക്കായും യോജിച്ചു പ്രവർത്തിക്കുന്നു.ഇന്ത്യൻ പടക്കപ്പലുകൾക്കും യുദ്ധവിമാനങ്ങൾക്കും ഒമാന്റെ പ്രതിരോധ മേഖലകളിൽ സന്ദർശനാനുമതി നൽകിയിട്ടുണ്ട്.ഒമാനി സൈനികർ ഇന്ത്യയിൽ പരിശീലനം നേടുകയും ചെയ്യുന്നു.ഒമാനിലെ നാഷനൽ ഡിഫൻസ് കോളജും ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനലൈസും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം ബന്ധം കൂടുതൽ വളർത്താൻ സഹായകമാകും.മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ സംയുക്തമായി പ്രതിരോധ ഉപകരണങ്ങൾ നിർമിക്കാനും ഇന്ത്യയിൽ നിന്നു പ്രതിരോധ സാമഗ്രികൾ വാങ്ങാനും ധാരണയായിട്ടുണ്ട്.