സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ- സൗദി ധാരണ

 

ഇന്ത്യൻ പ്രധാനമത്രി മോദി സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തുന്നു

ജലാലുദീൻ കരുനാഗപ്പള്ളി 

റിയാദ് :ഒമാന് പിന്നാലെ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയും- സൗദിയും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യൻ ഉൾക്കടലിലും ഗൾഫ് മേഖലയിലെ സമുദ്ര സുരക്ഷയും ഉറപ്പാക്കലുമാണ് ലക്‌ഷ്യം.സമുദ്രമേഖല നേരിട്ട് പങ്കുവെക്കുന്ന രാജ്യമാണ് ഒമാൻ. രണ്ടുവർഷങ്ങൾക്ക് മുൻപുള്ള മോദിയുടെ ഒമാൻ സന്ദർശനവേളയിൽ നിരവധി കരാറുകൾആണ് ഇന്ത്യയും ഒമാനും തമ്മിൽ ഒപ്പുവെച്ചത്.ഇതിന് പിന്നാലെയാണ് ഇപ്പോൾ സൗദിയുമായി സമുദ്ര സുരക്ഷാഉറപ്പാകാൻ ധാരണയായിരിക്കുന്നത്.

ഒമാന്റെ അതിർത്തിപങ്കിടുന്ന ഇറാന്റെ അധീനതയിലുള്ള ഹോർമുസ് കടലിടുക്കിൽ സൗദി എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടത് സൗദി- ഇറാൻ യുദ്ധത്തിനിന്റെ വക്കുവരെ എത്തിയിരുന്നു.ഈ സാഹചര്യത്തിൽ അറബിക്കടലിൽ ഏറെ സ്വാധീനം ഉള്ള ഇന്ത്യയുമായി, സൗദി കരാറിൽ ഏർപ്പെടുന്നത് ഏറെ ഗുണം ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഭീകരവാദവും തീവ്രവാദവും ഏതു സമൂഹത്തിൽ നിന്നാണെങ്കിലും ഒറ്റക്കെട്ടായി നേരിടും.അയൽ രാജ്യങ്ങളിൽ നിന്നുള്ള ആക്രമണം തടയാൻ പരസ്പരം സഹായിക്കാനും ധാരണയായി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം സൗദി സന്ദർശനത്തെ തുടർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താൻ യോജിച്ച് പ്രവർത്തിക്കും.ആഭ്യന്തര കാര്യങ്ങളിൽ മറ്റു രാജ്യങ്ങൾ ഇടപെടുന്നതിന് അംഗികരിക്കില്ലെന്നും ഇക്കാര്യത്തിൽ രാജ്യാന്തര സമൂഹം ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകളിലെ സഹകരണം ശക്തമാക്കാനും ധാരണയായി. ഇരുരാജ്യങ്ങളിലെയും നിക്ഷേപം ശക്തിപ്പെടുത്തും.അടിസ്ഥാന സൗകര്യവികസനം, ഊർജം, പുനരുപയോഗ ഊർജം, കൃഷി, സാങ്കേതികവിദ്യ, മനുഷ്യ വിഭവശേഷി തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കും. ഊർജം, വ്യോമയാനം, സുരക്ഷാ സഹകരണം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പുതിയ സഹകരണ കരാറുകളും ഒപ്പുവച്ചു. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, പ്രതിരോധ, മനുഷ്യവിഭവ മേഖലകളിലെ സഹകരണത്തിൽ ഇരുരാജ്യങ്ങളും സംതൃപ്തി രേഖപ്പെടുത്തി.സിറിയ, യെമൻ രാജ്യങ്ങളിലെ പ്രശ്നങ്ങൾക്കു രാഷ്ട്രീയ പരിഹാരം കാണണം. പലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും 1967ലെ യുഎൻ തീരുമാനമനുസരിച്ച് ജറുസലം തലസ്ഥാനമാക്കി പലസ്തീൻ സ്വതന്ത്ര രാജ്യമെന്ന് സ്വപ്നം സാക്ഷാൽക്കരിക്കുക അനിവാര്യമാണെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.