ദുബായ് : വ്യാപാര സഹകരണത്തിൽ പുതുചരിത്രം കുറിച്ച് ഒപ്പുവച്ച യുഎഇ–ഇന്ത്യ സെപ കരാർ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന് നടപടികളായി. ചൈനീസ് ഉൽപന്നങ്ങളുടെ വിൽപനയ്ക്കും പ്രദർശനത്തിനും ഒരുക്കിയിരിക്കുന്ന ഡ്രാഗൺ മാർട്ടിന്റെ മാതൃകയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രദർശന- വിൽപനയ്ക്കായി ജബൽ അലിയിൽ ഡിപി വേൾഡുമായി സഹകരിച്ച് ഭാരത് മാർട്ട് സ്ഥാപിക്കുന്നതും പരിഗണനയിലാണ്. ഇന്ത്യൻ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മൊത്ത-ചില്ലറ വ്യാപാര കേന്ദ്രമാകും ഇവിടം.
ഇത് ഉൾപ്പെടെ മൂന്ന് അടിയന്തര നടപടികളാണ് സെപ വ്യാപിപ്പിക്കുന്നതിന് ഇന്ത്യ സ്വീകരിക്കുകയെന്ന് യുഎഇ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ വ്യക്തമാക്കി. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഉദ്യോഗസ്ഥ തലത്തിൽ വിലയിരുത്തൽ യോഗങ്ങൾ നടത്തും. ഉഭയകക്ഷി യോഗങ്ങളും വ്യാപാര പ്രദർശനങ്ങളും സംഘടിപ്പിക്കും. ഗൾഫൂഡിന്റെയും മറ്റും മാതൃകയിൽ ഈ വർഷം തന്നെ 15 പ്രദർശനങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അടുത്തു തന്നെ ദുബായിൽ പ്രദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളെക്കൂടി സെപയിൽ പങ്കാളികളാക്കും. മന്ത്രിമാർ സ്വന്തം സംസ്ഥാനങ്ങളിൽ ഇതു സംബന്ധിച്ച് വ്യാപാരികളും വ്യവസായികളുമായും മറ്റും കൂടിയാലോചനകളും ചർച്ചകളും നടത്തണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.