മനാമ : ബഹ്റൈനിലെ ഏറ്റവും പഴക്കമുള്ള പ്രവാസി ക്ലബ്ബായ ഇന്ത്യൻ ക്ലബിൽ തെരഞ്ഞെടുപ്പിെൻറ ആവേശം. രണ്ട് വർഷത്തിലൊരിക്കൽ നടക്കേണ്ട എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് 10 മാസം വൈകി ഒക്ടോബർ 15ന് നടക്കും. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ വർഷം ഡിസംബറിൽ പൂർത്തിയായതാണെങ്കിലും കോവിഡ് -19 കാരണം തെരഞ്ഞെടുപ്പ് നീണ്ടുപോവുകയായിരുന്നു. 1915ൽ സ്ഥാപിതമായ ഇന്ത്യൻ ക്ലബിൽ 1000ത്തോളം അംഗങ്ങളാണുള്ളത്. 2015ൽ നൂറാം വാർഷികം ആഘോഷിച്ച് ക്ലബ് ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി അഭേദ്യമായ ബന്ധമാണ് പുലർത്തുന്നത്. ബഹ്റൈനിലെ എല്ലാ ഇന്ത്യൻ ക്ലബുകളുടെയും അസോസിയേഷനുകളുടെയും സൊസൈറ്റികളുടെയും മാതാവ് എന്നും ഇന്ത്യൻ ക്ലബ് വിശേഷിപ്പിക്കപ്പെടുന്നു. വെള്ളിയാഴ്ചത്തെ വോെട്ടടുപ്പിൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയുടെ കാലാവധി 2022 ഡിസംബർ വരെയായിരിക്കും. തെരഞ്ഞെടുപ്പ് വൈകിയതിനാൽ പുതിയ ഭരണസമിതിക്ക് 10 മാസം കുറവ് കാലാവധിയാണ് ലഭിക്കുക.
ഇത്തവണ ടീം ഡൈനാമിക്, ടീം ഡെമോക്രാറ്റിക് എന്നിങ്ങനെ രണ്ടു പാനലുകൾ മത്സരരംഗത്ത് സജീവമായുണ്ട്. അംഗങ്ങളുടെ കല, കായിക, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉൗന്നൽനൽകുന്ന വാഗ്ദാനങ്ങളാണ് ഇരുപാനലുകളും മുന്നോട്ടുവെക്കുന്നത്. കെ.എം. ചെറിയാനാണ് ടീം ഡൈനാമിക്കിെൻറ പ്രസിഡൻറ് സ്ഥാനാർഥി. ഇൻഡോർ ഗെയിംസ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന അരുൺ കെ. ജോസിന് എതിർസ്ഥാനാർഥിയില്ല. മുമ്പ് പ്രസിഡൻറ് സ്ഥാനം വഹിച്ചിട്ടുള്ള കാഷ്യസ് കാമിലോ പെരേരയാണ് ടീം ഡെമോക്രാറ്റിക്കിെൻറ പ്രസിഡൻറ് സ്ഥാനാർഥി. രാവിലെ 10 മണിക്കുള്ള എക്സ്ട്രാഓർഡിനറി ജനറൽ മീറ്റിംഗിന് ശേഷം ആരംഭിക്കുന്ന വോട്ടിംഗ് വൈകുന്നേരം 5 മണി വരെ എല്ലാ കോവിഡ് നിയമങ്ങളും പാലിച്ചുകൊണ്ട് തുടരുന്നതായിരിക്കും എന്നും വോട്ടെണ്ണൽ 6:30ഓട് കൂടി ആരംഭിക്കും എന്നും നിലവിലെ പ്രസിഡന്റ് സ്റ്റാലിൻ ജോസഫ് അറിയിച്ചു.