ഗൾഫ് : ഇന്ത്യ അഫ്ഗാനിസ്ഥാൻ സർക്കാരിന് മുൻപ് സമ്മാനിച്ച റഷ്യൻ നിർമ്മിത യുദ്ധ ഹെലികോപ്ടർ താലിബാൻ പിടിച്ചെടുത്തു. എം ഐ 24 ഹെലികോപ്ടറിന് മുന്നിൽ ഭീകരർ നിൽക്കുന്ന ചിത്രം മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യ നൽകിയ ഹെലികോപ്ടറിന്റെ നിയന്ത്രണം തങ്ങൾ ഏറ്റെടുത്തതായി ഭീകരർ അവകാശപ്പെടുന്നുണ്ട്.
എന്നാൽ ഫോട്ടോകളിൽ കാണുന്ന ഹെലികോപ്ടറിൽ പറക്കാൻ സഹായിക്കുന്ന ബ്ലേഡുകൾ കാണാനാവുന്നില്ല. ഭീകരരുടെ ആക്രമണം മുൻകൂട്ടി കണ്ട് റോട്ടർ ബ്ലേഡുകൾ അഫ്ഗാൻ സൈന്യം നേരത്തേ നീക്കം ചെയ്തതായിട്ടാണ് സൂചന. ഇതിനാൽ തന്നെ താലിബാന് വൈമാനികരെ കൊണ്ട് വന്നാലും ഹെലികോപ്ടർ ഉപയോഗിക്കാൻ കഴിയില്ല. ഇതിന് പുറമേ മറ്റു സാങ്കേതി തകരാറുകൾ ഹെലികോപ്ടറിന് വരുത്തിയിട്ടാവും അഫ്ഗാൻ സൈന്യം പിന്മാറിയതെന്നും സൂചനകളുണ്ട്.
2019ലാണ് ഇന്ത്യ അഫ്ഗാൻ വ്യോമസേനയ്ക്ക് ഒരു എം ഐ 24 ഹെലികോപ്ടറും മൂന്ന് ഇന്ത്യൻ നിർമ്മിത ചീറ്റ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും സമ്മാനിച്ചത്. അഫ്ഗാനിസ്ഥാന്റെ 65 ശതമാനവും ഇപ്പോൾ താലിബാന്റെ കൈപ്പിടിയിലാണ്. വ്യോമമാർഗമുള്ള ആക്രമണം മാത്രമാണ് ഭീകരർക്ക് മേൽ അഫ്ഗാൻ സൈന്യത്തിന് മേൽക്കോയ്മ നൽകുന്നത്.
ഓരോ ദിവസവും കൂടുതൽ പ്രദേശങ്ങൾ കീഴടക്കിയാണ് ഭീകരർ രാജ്യ തലസ്ഥാനത്തേയ്ക്ക് മുന്നേറുന്നത്. അമേരിക്ക സൈന്യത്തെ പിൻവലിക്കാൻ തയ്യാറായതോടെയാണ് ഭീകരർ ആക്രമണത്തിന്റെ മൂർച്ച കൂട്ടിയത്. അഫ്ഗാൻ സർക്കാരിന് എത്ര നാൾ താലിബാന് മുന്നിൽ പിടിച്ച് നിൽക്കാനാവും എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഇപ്പോൾ നൽകുന്നത്. അതേസമയം യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട ആയിരങ്ങൾ കാബൂളിലേക്ക് പലായനം ചെയ്യുകയാണ്. സ്ത്രീകളോടുള്ള താലിബാൻ ഭീകരരുടെ ക്രൂരതകളും ചർച്ചയാവുന്നുണ്ട്.