ബഹ്റൈൻ : ഇന്ത്യൻ ഇസ്ലാഹി സെന്റർ ഈദ് ദിനത്തിൽ ഓൺലൈൻ ഈദ് സംഗമം നടത്തി. കേരളത്തിലെ പ്രമുഖ ഇസ്ലാഹി പണ്ഡിതൻ റഷീദ് ഉഗ്രപുരം ഈദ് സന്ദേശം നൽകി.
ഈദ് ഗാഹുകളിൽ നിന്നും സ്നേഹം പ്രകടിപ്പിച്ചു പിരിയേണ്ട വിശ്വാസികൾ പുഞ്ചിരിക്കുന്നത് മറ്റൊരാളെ കാണിക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള അവസ്ഥയിലാണ് ഇന്നുള്ളത്. പൂർണ്ണമായും ഫാസിസ്റ്റു വൽക്കരിക്കപ്പെട്ട ഒരു ഭരണാധികാരിയും സമൂഹവും നില നിന്ന കാലത്താണ് മഹാനായ ഇബ്രാഹീം നബി (അ) അല്ലാഹുവിനെ മാത്രം ഭയപ്പെട്ട് മറ്റാരെയും ഭയപ്പെടാതെ തന്നെ ഏൽപ്പിച്ച ദൗത്യം ഭംഗിയായി നിർവഹിച്ചത്. അതിനു അവർക്കു കരുത്തു നൽകിയത് അല്ലാഹു അക്ബർ എന്ന തക്ബീർ ധ്വനികളാണ്.
മനുഷ്യന്റെ തെറ്റായ ഇടപെടൽ കാരണം വായുവും മണ്ണും വെള്ളവും മലിനമായി. കാലാവസ്ഥ വ്യതിയാനം ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും പെരുകിക്കൊണ്ടിരിക്കുന്നു. യുദ്ധ ഭീഷണി ഒരു ഭാഗത്ത്. എന്നിട്ടും പാഠം പഠിക്കാതെ മനുഷ്യൻ അഹങ്കാരത്തോട് കൂടെ ഖുർആൻ പറഞ്ഞ പോലെ മുന്നോട്ട് പോകുന്നു.ഇസ്ലാം സമാധാനമാണ്. സമാധാനമാണ് നമ്മുടെ ലക്ഷ്യവും. സമാധാനമാണ് നമ്മുടെ ലക്ഷണവും. സമാധാനം ഒരു വ്യക്തിക്ക് സ്വന്തമായി ലഭിക്കണം, അവൻറെ കുടുംബത്തിൽ നിന്നും ലഭിക്കണം, അവൻ ജീവിക്കുന്ന സമൂഹത്തിൽ നിന്നും ലഭിക്കണം, അവൻ ജീവിക്കുന്ന രാജ്യത്തു നിന്നും ലഭിക്കണം. അതിനുള്ള വഴികൾ അവൻ സൃഷ്ടിക്കുകയും വേണം. ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിം ഇന്ത്യ രാജ്യത്തിന്റെ താല്പര്യത്തോടൊപ്പമാണ് ജീവിക്കേണ്ടത്. ജനാധിപത്യത്തിനും ബഹുസ്വരതക്കും പരിക്കേൽക്കാതിരിക്കാൻ എല്ലാവരേക്കാളും അവന് ബാധ്യത ഉണ്ട്. മനുഷ്യർക്കിടയിലെ ഏറ്റപറ്റാലുകൾ, ജാതീയത, വർണ്ണ വെറി എന്നിവ ഇല്ലാതാക്കി മനുഷ്യരെ ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളായി കാണുക എന്ന ബോധം ഉണ്ടാക്കിയെടുക്കയാണ് ഇസ്ലാം ചെയ്തത്. എല്ലാവരുമായും സൗഹൃദത്തിൽ കഴിയാനാണ് നമ്മോട് കൽപ്പിച്ചത്. ഈ മാതൃകയാണ് നബി(സ) നമുക്ക് കാണിച്ചു തന്നത്. മുസ്ലിംകളെ രാജ്യ ദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം കൊണ്ട് പിടിച്ചു നടക്കുന്നുണ്ട്. ഒരു മുസ്ലിം സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നവനാണ്. അവൻ രാജ്യദ്രോഹിയല്ല. മുൻപത്തെ രാജാക്കന്മാർക്കും ഭരണാധികാരികൾക്കും അതറിയാമായിരുന്നു. ആ കാലത്തെ മനുഷ്യർ തമ്മിലെ സൗഹാർദ്ദം അത്രക്ക് വിലപ്പെട്ടതായിരുന്നു. ഇന്ന് മനുഷ്യ സൗഹാർദ്ദത്തിനു മങ്ങലേൽക്കുകയും മത സൗഹാർദ്ദം പെരുകി കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഇസ്ലാഹി സെന്റർ സെക്രട്ടറി നൂറുദ്ധീൻ സംഗമത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസിഡന്റ് സഫീർ അധ്യക്ഷത വഹിച്ചു. ബഹ്റൈനിലും നാട്ടിലുമുള്ള നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.