യുഎഇയിലെ ഹൈന്ദവ ക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

അബുദബി: യുഎഇയിലെ ഹൈന്ദവ ക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14 ന് ഉദ്ഘാടനം ചെയ്യും. ക്ഷേത്രസമര്‍പ്പണ ചടങ്ങുകള്‍ക്ക് മഹന്ത് സ്വാമി മഹാരാജ് ആണ് നേതൃത്വം വഹിക്കുക. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും അന്ന് പ്രവേശനം അനുവദിക്കുക. ഫെബ്രുവരി 18ന് ക്ഷേത്രം പൊതുജനങ്ങൾക്കായി ഔദ്യോ​ഗികമായി തുറന്നുകൊടുക്കും. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയിലേത്.യുഎഇ ഭരണകൂടം അനുവദിച്ച 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്.2019 ഡിസംബറില്‍ നിർമാണം ആരംഭിച്ച ക്ഷേത്രത്തിന്റെ അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നൂറ് കണക്കിന് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം.രാമായണവും മഹാഭാരതവുമെല്ലാം പരാമര്‍ശിക്കുന്ന കൊത്തുപണികള്‍ക്കൊപ്പം അറബ് ചിഹ്നങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.