സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിനു ചരിത്ര വിജയം

മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന്  പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ നൂറു ശതമാനം വിജയം  കൈവരിച്ചു. പരീക്ഷയെഴുതിയ 815 വിദ്യാർത്ഥികളും വിജയിച്ചു.  500 ൽ 494 മാർക്ക് (98.8%) നേടിയ ഗുഗൻ മേട്ടുപ്പാളയം ശ്രീധർ  സ്കൂളിൽ ഒന്നാമതെത്തി. ഇത് പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി നേടുന്ന  ഏറ്റവും ഉയർന്ന സ്കോർ ആണ്. 493 മാർക്ക് നേടിയ  വീണ കിഴക്കേതിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ 500 ൽ 488 മാർക്ക്  നേടിയ മാനസ  മോഹനും ഹിമ പ്രശോഭും    മൂന്നാം സ്ഥാനം  പങ്കിട്ടു.112 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും  ‘എ’ ഗ്രേഡ് നേടി.  15 ശതമാനത്തോളം  വിദ്യാർത്ഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ,സെക്രട്ടറി സജി ആന്റണി,പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, അക്കാദമിക ചുമതലയുള്ള എക്സിക്യൂട്ടീവ്  കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം,മറ്റു ഇ സി അംഗങ്ങൾ എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.
മികവ് പുലർത്തിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച പ്രിൻസ് നടരാജൻ, സ്‌കൂളിന് മികച്ച  പിന്തുണ നൽകിയ  രക്ഷിതാക്കളോടും അധ്യാപകരോടും നന്ദി പറഞ്ഞു.
വിദ്യാർത്ഥികൾക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാനുള്ള  അന്തരീക്ഷം നൽകുകയെന്ന ലക്ഷ്യത്തോടെ അശ്രാന്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു സ്‌കൂൾ നേടിയ വിജയത്തിൽ  പങ്കാളികളായ  വിദ്യാർത്ഥികളെ   സ്‌കൂൾ സെക്രട്ടറി സജി ആന്റണി അഭിനന്ദിച്ചു.
അക്കാദമിക ചുമതലയുള്ള എക്സിക്യൂട്ടീവ്  കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം വിദ്യാർത്ഥികൾ  എല്ലാ പ്രതികൂല സാഹചര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചതായി  പറഞ്ഞു.
അക്കാദമിക്ക് ടീമിന്റെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംയുക്ത പരിശ്രമമാണ് പ്രശംസനീയമായ പ്രകടനം സാധ്യമാക്കിയതെന്നു  പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു.