മസ്കത്ത് : ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ കൂടുതൽ ഫീസിളവുകൾ പ്രഖ്യാപിച്ചു. കോവിഡിനെ തുടർന്നുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചാണ് നടപടിയെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് പത്രകുറിപ്പിൽ അറിയിച്ചു. ഈവർഷം മെയ് മുതൽ ആഗസ്റ്റ് വരെ വിദ്യാർഥികൾ ട്യൂഷൻ ഫീസ് മാത്രം അടച്ചാൽ മതിയാകും. നാലുമാസക്കാലം മറ്റ് ഫീസുകൾ ഒന്നും അടക്കേണ്ടതില്ല. മെയ് മുതൽ ആഗസ്റ്റ് വരെ കാലയളവിൽ ട്യൂഷൻ ഫീസ് അല്ലാതെയുള്ള തുക ആരെങ്കിലും ഇതിനകം അടച്ചിട്ടുണ്ടെങ്കിൽ അവർക്ക് വരും മാസങ്ങളിൽ ആ തുക ഇളവ് ചെയ്ത് നൽകും. ഇന്ത്യൻ സ്കൂളുകളിലെ ഏതെങ്കിലും വിദ്യാർഥികൾക്കോ രക്ഷകർത്താക്കൾക്കോ കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ഈ അധ്യയന വർഷം പൂർണമായും ട്യൂഷൻ ഫീസിൽ അമ്പത് ശതമാനം ഇളവ് നൽകും. നിലവിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകളിൽ ഫീസ് അടക്കാത്ത കുട്ടികളെയും ഇരിക്കാൻ അനുവദിക്കുമെന്നും സ്കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു. പുതിയ നടപടികൾ രക്ഷകർത്താക്കൾക്ക് ആശ്വാസം നൽകുമെന്നാണ് കരുതുന്നതെന്ന് സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ പറഞ്ഞു. രക്ഷകർത്താക്കളുടെയും വിദ്യാർഥികളുടെയും ക്ഷേമത്തിന് ബോർഡ് പ്രതിജ്ഞാബദ്ധമാണ്. അതിനാൽ സ്കൂളുകൾ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന ഇൗ ഘട്ടത്തിലും ഇത്തരമൊരു നടപടി കൈകൊണ്ടതെന്നും ഡോ. ബേബി സാം സാമുവൽ പറഞ്ഞു. ജൂലൈ അവസാനം വരെ ഫീസ് പ്രതിമാസ അടിസ്ഥാനത്തിൽ അടച്ചാൽ മതിയെന്ന് നേരത്തേ ബോർഡ് അറിയിച്ചിരുന്നു . ഇതോടൊപ്പം വിവിധ സ്കൂളുകളിലെ ഫീസ് വർധനയും ജൂലൈ അവസാനം വരെ നിർത്തിവെച്ചിരുന്നു. ഇതോടൊപ്പം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികളുടെ ഫീസിളവിനുള്ള അപേക്ഷകൾ ഒാരോ സ്കൂളുകളും പ്രത്യേകമായി പരിഗണിക്കുകയും ചെയ്യുമെന്ന് ബോർഡ് അറിയിച്ചു .