മനാമ: ഇന്ത്യൻ സ്കൂളിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി നിരവധി ഭാഷാ സാംസ്കാരിക പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.സ്കൂൾ അറബിക് വകുപ്പ് മേധാവി റുഖയ റഹീം നേതൃത്വം നൽകി. ഇസ്ലാമിക വിശ്വാസത്തിൽ അറബി ഭാഷയ്ക്ക് ഒരു പ്രധാന പങ്കുണ്ടെന്നു അവർ പറഞ്ഞു.
പവർപോയിന്റ് അവതരണങ്ങൾ, അറബി കഥപറച്ചിൽ, കവിതാ പാരായണം, അറബി ഭാഷയുടെ ചരിത്രപരമായ വികാസത്തെക്കുറിച്ചുള്ള വീഡിയോ ക്ലിപ്പുകൾ, ലോക ഭൂപടത്തിൽ അറബി ഭാഷ സംസാരിക്കുന്ന രാജ്യങ്ങളെ നിർവചിക്കൽ എന്നിവ ഉൾപ്പെട്ടതായിരുന്നു പ്രവർത്തനങ്ങൾ.
ഡിസംബർ 18 യുനെസ്കോയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നു. അറബിക് ഐക്യരാഷ്ട്രസഭയുടെ ഔദ്യാഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് 1973 ഡിസംബർ 18നായിരുന്നതിനാലാണിത്. ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്.
അറബി ഭാഷയുടെ സമ്പന്നമായ വൈവിധ്യം, വിവിധ തരത്തിലുള്ള സാംസ്കാരിക ആവിഷ്കാരങ്ങളുമായുള്ള അതിൻ്റെ ദൃഢമായ ബന്ധങ്ങൾ എന്നിവയും അറബി ഭാഷയും കാലിഗ്രാഫിയും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള അവതരണങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടന്നു.
പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെയും ആഘോഷങ്ങൾ ഏകോപിപ്പിച്ച അധ്യാപകരെയും ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.