മനാമ:ഇന്ത്യൻ സ്കൂൾ ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. കുട്ടികൾ ഓൺലൈനിൽ യോഗ പ്രദർശിപ്പിച്ചു. കൊറോണ സംബന്ധമായ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിദ്യാർത്ഥികൾ ഓൺലൈനായി വിവിധ യോഗ അഭ്യാസ മുറകൾ പരിശീലിച്ചു. യോഗാസനം, പ്രാണായാമം, ധ്യാനം എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിന പരിപാടിയുടെ ആശയം ‘ആരോഗ്യത്തിനായുള്ള യോഗ’ എന്നതായിരുന്നു. അന്താരാഷ്ട്ര യോഗ ദിനത്തിൽ നൽകിയ സന്ദേശത്തിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ചെയർമാൻ പ്രിൻസ് എസ് നടരാജൻ യോഗയുടെ പ്രാധാന്യം ഊന്നി പറഞ്ഞു.യോഗയുടെ ലക്ഷ്യം ഓരോ വ്യക്തിയുടെയും സമഗ്ര ആരോഗ്യത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.
ആത്യന്തിക സന്തോഷവും സമതുലിതമായ ജീവിതവും കൈവരിക്കുന്നതിന് യോഗ പരിശീലനം സഹായിക്കുമെന്ന് സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു.മനുഷ്യരാശിയുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ യോഗ പ്രധാനമാണെന്ന് പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു.
ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ ആർ ചിന്നസാമി യോഗ മുറകൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു സംസാരിച്ചു. കായിക വകുപ്പ് മേധാവി സൈക്കത്ത് സർക്കാറും മറ്റു കായിക അധ്യാപകരും പങ്കെടുത്തു.